രാജ്യത്തെ ഒമിക്രോണ്‍ ബാധിതരില്‍ 50 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍; 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല

Update: 2021-12-25 15:49 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരില്‍ 50 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 183 ഒമിക്രോണ്‍ രോഗികളുടെ കണക്കെടുത്തതില്‍ 50 ശതമാനം വരുന്ന 87 പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞവരാണ്.

ആരോഗ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. രോഗവ്യാപനം തടയാന്‍ വാക്‌സിന്‍ മാത്രം പോരെന്നാണ് ഇതര്‍ത്ഥമാക്കുന്നതെന്നും പ്രസരണശൃംഖല മുറിക്കുക മാത്രമേ രക്ഷയുള്ളൂവെന്നും കേന്ദ്ര ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ പറയുന്നു. മാസ്‌കുകളും മറ്റ് ആരോഗ്യശീലങ്ങളുമാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത്.

വെള്ളിയാഴ്ചയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ 183 രോഗികളുടെ പരിശോധനാ വിവരങ്ങല്‍ പങ്കുവച്ചത്. അതില്‍ 96 പേരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചു. അതനുസരിച്ച് 87 പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. മൂന്ന് പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിച്ചു. രണ്ട് പേര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഏഴ് പേര്‍ വാക്‌സിന്‍ എടുക്കാത്തവരുമാണ്.

73 പേരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് സര്‍ക്കാരിന്റെ കൈവശമില്ല. 16 പേര്‍ വാക്‌സിന്‍ എടുക്കാവുന്ന പ്രയാത്തിലുള്ളവരല്ല. 18 പേരുടെ യാത്രാചരിത്രം ലഭ്യമല്ല. 165 പേരില്‍ 121 പേര്‍ക്കും വിദേശയാത്രാചരിത്രമുണ്ട്, അതായത് 73 ശതമാനം പേര്‍ക്ക്. 165 പേര്‍ക്ക് അതായത് 27 ശതമാനം പേര്‍ക്ക് വിദേശയാത്രാചരിത്രമില്ല. ഒമിക്രോണ്‍ സാമൂഹികവ്യാപനത്തിന്റെ വക്കിലാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. 

ഐസിഎംആര്‍ നടത്തിയ പരിശോധനയില്‍ രോഗികളില്‍ 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഒമിക്രോണ്‍ രോഗം ഗുരുതരമായ തലത്തിലേക്ക് വളരാനുള്ള സാധ്യത തുലോം കുറവാണെന്നാണ് പൊതുവെ കരുതുന്നത്. ഇന്ത്യയുടെ അനുഭവവും അതാണ്. ഇന്ത്യയില്‍ മൂന്നിലൊന്ന് രോഗബാധിതരും ചെറിയ രോഗലക്ഷണങ്ങളുള്ളവരാണ്. ബാക്കിയുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ല. ഒമിക്രോണ്‍ രോഗത്തിന്റെ ചികില്‍സാ പ്രോട്ടോകോളില്‍ വലിയ മാറ്റമൊന്നുമില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. 

ഡല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ വീടുകളില്‍ നിന്ന് പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം വി കെ പോള്‍ പറഞ്ഞു. മാസ്‌ക് ധരിക്കാതെ പുറത്തുപോകുന്നവര്‍ രോഗം കുടുംബാംഗങ്ങള്‍ക്ക് പകരാനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നത്. ഒമിക്രോണ്‍ കൂടുതല്‍ ഗുരുതരമാണ്. അത് നാം മനസ്സില്‍ വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇപ്പോഴും ഇന്ത്യയില്‍ ഡല്‍റ്റാ വകഭേദമാണ് കൂടുതല്‍ പേര്‍ക്കും രോഗമുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തന്ത്രത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. വാക്‌സിന്‍ വിതരണം വര്‍ധിക്കുന്നത് ഗുണം ചെയ്യും.

പുതുവര്‍ഷാഘോഷം പോലുള്ള ഉല്‍സവങ്ങല്‍ രാജ്യത്താകമാനം ധാരാളം നടക്കുന്ന കാലമായതിനാല്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നാണ് നീതി ആയോഗിന്റെ ഉപദേശം. മാസ്‌കുകള്‍ ധരിക്കണം, കൈകള്‍ ശുചിയാക്കണം, കൂട്ടംകൂടരുത്. വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒരു കാരണവശാലും പാടില്ല. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും നിരീക്ഷണവും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളോട് ആരോഗ്യസംവിധാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ പോള്‍ ഉപദേശിച്ചിരുന്നു. സ്വകാര്യ മേഖലയ്ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണമെന്ന് നീതി ആയോഗ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ജില്ലാ തലത്തില്‍ നിയന്ത്രണ നടപടികള്‍ വേണമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. മുന്‍കരുതലെന്ന നിലയില്‍ 18.10 ലക്ഷം ഐസൊലേഷന്‍ ബെഡുകളും 4.49 ലക്ഷം ഓക്‌സിജന്‍ സപോര്‍ട്ട് ബെഡുകളും 1.39 ലക്ഷം ഐസിയു ബെഡുകളും 24,057 പീഡിയാട്രിക് ഐസിയു ബെഡുകളും 64,796 പീഡിയാട്രിക് നോണ്‍ ഐസിയു ബെഡുകളും സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കി.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്ത് 258 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ 144 പേര്‍ രോഗമുക്തരായി. 6 സംസ്ഥാനങ്ങളില്‍ 30 കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര 88, ഡല്‍ഹി 67, തെലങ്കാന 38, തമിഴ്‌നാട് 34, കര്‍ണാടക 31, ഗുജറാത്ത് 30 എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

Tags: