ചിത്രലേഖ ഇസ്‌ലാം സ്വീകരിച്ച സംഭവം: പോപുലര്‍ ഫ്രണ്ടിനെ വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശ്യപരമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി

Update: 2020-11-19 10:41 GMT

കോഴിക്കോട്: കണ്ണൂര്‍ സ്വദേശി ചിത്രലേഖ ഇസ്ലാം സ്വീകരിച്ചതിനെ വിവാദമാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം പരിഹാസ്യവും അപലപനീയവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സംഭവത്തിലേക്ക് സംഘടനയുടെ പേര് വലിച്ചിഴയ്ക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണ്. കൊടിയ ജാതിവിവേചനത്തിനിരേ വര്‍ഷങ്ങളായി ഒറ്റയാള്‍ സമരമുഖത്തുള്ള വ്യക്തിയാണ് ചിത്രലേഖ. സി.പി.എം പോലുള്ള ഒരു പാര്‍ട്ടിയില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകളോട് ആര്‍ജ്ജവത്തോടെ പൊരുതി നില്‍ക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ചിത്രലേഖക്ക് സ്വതന്ത്രമായ ഒരു നിലപാട് സ്വീകരിക്കുന്നതിന് ആരുടെയെങ്കിലും പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണുള്ളത്.

ഇസ്ലാം സ്വീകരിക്കാനുള്ള തീരുമാനം സ്വന്തമായി എടുത്തതാണെന്നും അതിനു പിന്നില്‍ മറ്റ് ഘടകങ്ങള്‍ ഇല്ലെന്നും ചിത്രലേഖ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ആര്‍ക്കും ഇഷ്ടമുള്ള ആദര്‍ശം തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. അത്തരം വിഷയങ്ങളില്‍ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ രാജ്യത്ത് ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം ഘട്ടങ്ങളില്‍ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കൊപ്പം നിലകൊള്ളുകയെന്നത് ഒരു സാമൂഹ്യപ്രസ്ഥാനത്തിന്റെ ബാധ്യതയാണ്. അതിനനുസൃതമായ ഇടപെടല്‍ പ്രാദേശികമായി ഉണ്ടായിട്ടുണ്ടെങ്കില്‍, അത് തെറ്റാണെന്ന് കരുതുന്നില്ല. അതിനപ്പുറം മതംമാറ്റമെന്നത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അജണ്ടയില്‍പ്പെട്ട കാര്യമല്ലെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.

Similar News