സിദ്ദിഖ് കാപ്പന്റെ മോചനത്തിനു വേണ്ടി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അബ്ദു സമദ് സമദാനി

Update: 2021-03-25 12:24 GMT

മലപ്പുറം: ഹാഥ്രസ് പെണ്‍കുട്ടിയുടെ ദുരന്തകഥ റിപോര്‍ട്ട് ചെയ്യാന്‍ യുപിയിലേക്ക് പോകുമ്പോള്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദിഖ് കാപ്പന്റെ മോചനത്തിനുവേണ്ടി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മലപ്പുറം ലോക്‌സഭാ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദു സമദ് സമദാനി. മലപ്പുറം പ്രസ്സ് ക്ലബ്ബിന്റെ സഭാങ്കം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിദ്ദിഖ് അറസ്റ്റിലായിട്ട് ആറ് മാസമാവാന്‍ പോവുകയാണ്. കാര്യങ്ങളെല്ലാം എനിക്കറിയാം ജയിച്ചാല്‍ ലോക്‌സഭയില്‍ സിദ്ദിഖിനു വേണ്ടി സംസാരിക്കും. പത്രപ്രവര്‍ത്തക യൂണിയനോടൊപ്പം അദ്ദേഹം മോചിതനാവുന്നത് വരെ ഞാന്‍ ഉണ്ടാവും. മാധ്യമപ്രവര്‍ത്തനവും ഇന്ത്യയില്‍ അപകടകരമായ ജോലിയാവുകയാണ്. ഫാഷിസം എല്ലാ മേഖലകളിലും പിടിമുറുക്കി അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യുകയാണ്. മാധ്യമ പ്രവര്‍ത്തകരെ വഴികാട്ടിയായി സ്വീകരിക്കുന്ന എനിക്ക് അവരെ വേട്ടയാടുബോള്‍ നിശബ്ദനായി ഇരിക്കാന്‍ കഴിയില്ല. ഫാസിസത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതിന്റെ ഭാഗം തന്നെയാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു വേണ്ടി സംസാരിക്കുന്നത്. സിദ്ദിഖ് കാപ്പന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. സിദ്ദിഖിനു വേണ്ടി പാര്‍ട്ടിയും ഞാനും എന്നും ശബ്ദമുയര്‍ത്തും- സമദാനി പറഞ്ഞു.

മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ട് കെ ശംസുദ്ധീന്‍ മുബാറക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി എം റിയാസ് സംസാരിച്ചു.