സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ജനകീയ പ്രക്ഷോഭമുയരണം: സുപ്രിംകോടതി വിധി ആശ്വാസകരമെന്ന് അബ്ദുല്‍ മജീദ് ഫൈസി

Update: 2021-04-28 11:13 GMT

മലപ്പുറം: യു പി സര്‍ക്കാര്‍ ചുമത്തിയ കള്ളക്കേസില്‍ നിന്ന് സിദ്ദിഖ് കാപ്പനെ മോചിപ്പിക്കുന്നതിന് വേണ്ടി എല്ലാവരും ഒത്തൊരുമിച്ചുള്ള ജനകീയ പ്രക്ഷോഭമുയര്‍ന്ന് വരണമെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള മാര്‍ഗമാക്കി ആരും ഇതിനെ മാറ്റരുതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. സിദ്ദിഖിന് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സുപ്രിംകോടതി ഇടപെടല്‍ ആശ്വാസകരമാണ്. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊണ്ട പത്രപ്രവര്‍ത്തക യൂണിയന്റെയും സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെയും നിലപാടിന്റെ വിജയമാണിത്.

ഹാഥ്രസിലെ ദലിത് യുവതി സവര്‍ണരാല്‍ കൊലചെയ്യപ്പെട്ട സംഭവത്തിനെതിരെ രംഗത്തുവന്നവരെയെല്ലാം നിയമവിരുദ്ധമായി തടയാനും അറസ്റ്റ് ചെയ്യുവാനുമാണ് യോഗി സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. ഇരയാക്കപ്പെട്ട കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തുന്നവരെയെല്ലാം പോലിസിനെ ഉപയോഗിച്ചു തടയുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ പോലിസ് വഴിയില്‍ തടഞ്ഞ് മര്‍ദ്ദിക്കുന്ന അവസ്ഥ ഉണ്ടായി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കി.

ഈ പോലിസ് ഭീകര വാഴ്ചക്കിടയിലും ഹാഥ്രസില്‍ നേരിട്ട് പോയി വാര്‍ത്ത ശേഖരിക്കാന്‍ സന്നദ്ധത കാണിച്ച സിദ്ദിഖ് കാപ്പന്റെ ധീരതയെ വാഴ്ത്തപ്പെടേണ്ടതും അദ്ദേഹത്തിന്റെതുള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനായി എല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തേണ്ടതുമുണ്ട്.

മത-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അണി ചേര്‍ന്നു കൊണ്ടുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്കും നിയമപോരാട്ടത്തിനും പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

Tags:    

Similar News