ജിദ്ദ: സൗദിയിലെ പ്രമുഖ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ബന്ധു അറസ്റ്റില്‍. കൊട്ടേഷന്‍ നല്‍കിയത് കൊട്ടേഷന്‍ നല്‍കിയത് പിതൃസഹോദര പുത്രന്‍ ഷിയാസ് ആണെന്ന് പോലിസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ചാലിശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊഴിക്കാട്ടിരി പാലത്തിന് സമീപം വച്ച് വണ്ടൂര്‍ സ്വദേശിയും പ്രവാസിയുമായ വലിയപീടിയക്കല്‍ മുഹമ്മദലിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. മുഹമ്മദാലി അക്രമികളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും അക്രമികളുടെ ഉപദ്രവത്തില്‍ മാരകമായ പരിക്കേറ്റിരിന്നു. മുഹമ്മദാലിയെ ഉടന്‍ തന്നെ ഷൊര്‍ണൂര്‍ പോലിസ് വാണിയംകുളം പി കെ ദാസ് ആശുപത്രിയില്‍ അടിയന്തിര ചികില്‍സക്കെത്തിക്കുകയും സംഭവത്തില്‍ പ്രതികളിലൊരാളെ അന്നേ ദിവസം തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് മറ്റു പ്രതികളെയും പിടികൂടി. പോലിസിന്റെ അന്വേഷണം തനിക്ക് നേരെയാണെന്ന് അറിഞ്ഞ മുഖ്യപ്രതി ഈ സമയം വിദേശത്തേക്ക് കടക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും മലപ്പുറം എടവണ്ണയില്‍ ബന്ധു വീട്ടില്‍ നോമ്പുതുറക്ക് എത്തിയ സമയത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മുഹമ്മദാലിയുടെ വിശ്വസ്തനും, അദ്ദേഹത്തിന്റെ പല ബിസ്സിനെസ്സുകളും നോക്കി നടത്തുകയും ചെയ്തിരുന്ന പ്രതിയുടെ തട്ടിപ്പുകള്‍ മുഹമ്മദാലി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതോടെ കടക്കെണിയിലകപ്പെട്ടതിന്റെ പക വീട്ടുന്നതിനും, മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി വലിയൊരു തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ബാധ്യതകള്‍ തീര്‍ക്കുന്നതിന് വേണ്ടിയുമാണ് പ്രതി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
