പീഡനക്കേസില്‍ മഠാധിപതി അറസ്റ്റില്‍; മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് മഠം നല്‍കിയ പുരസ്‌കാരം തിരിച്ചുനല്‍കി
ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മഗ്‌സസെ പുരസ്‌കാരജേതാവുമായ പി സായ്‌നാഥ് മുരുക മഠം 2017ല്‍ നല്‍കിയ ബസവശ്രീ പുരസ്‌കാരം തിരിച്ചുനല്‍കി. മുരുകമഠം മഠാധിപതി ശിവമൂര്‍ത്തി മുരുകന്‍ ശരണരു, സ്‌കൂള്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് സായിനാഥ് അതേ മഠം നല്‍കിയ പുരസ്‌കാരം തിരികെ നല്‍കിയത്.
പുരസ്‌കാരത്തോടൊപ്പം ലഭിച്ച അഞ്ച് ലക്ഷരൂപയും ചെക്കായി തിരികെനല്‍കി.
'അതിജീവിച്ചവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഈ കേസിലെ നീതിക്ക് വേണ്ടിയും, 2017ല്‍ മഠം എനിക്ക് നല്‍കിയ ബസവശ്രീ പുരസ്‌കാരം (അതിനോടൊപ്പം ചെക്കായി ലഭിച്ച 5 ലക്ഷം രൂപ സമ്മാനത്തുക) ഞാന്‍ ഇതിനാല്‍ തിരികെ നല്‍കുന്നു''- സായ്‌നാഥ് ട്വീറ്റ് ചെയ്തു.
മഠാധിപതിക്കെതിരേ പോക്‌സൊ നിയമമനുസരിച്ചും എസ്‌സി-എസ്ടി നിയമമനുസരിച്ചുമാണ് കേസെടുത്തിട്ടുള്ളത്.
ഇത്തരം കുറ്റകൃത്യങ്ങളെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ ഇടപെട്ട് നീതി ലഭ്യമാക്കുന്ന മൈസൂരുവിലെ എന്‍ജിഒ ഒടനടിയെ സായ്‌നാഥ് അഭിനന്ദിച്ചു. കുറ്റകൃത്യത്തിനെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മഠാധിപതിയെ സെപ്തംബര്‍ 5വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.