ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം; ആധാറും റേഷൻ കാർഡും തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പുകമ്മീഷൻ

Update: 2025-07-22 09:45 GMT

ബീഹാർ: വോട്ടർ പട്ടിക പുതുക്കുന്നതിന് ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, റേഷൻ കാർഡുകൾ എന്നിവ ഒറ്റപ്പെട്ട സാധുവായ രേഖകളായി ഉൾപ്പെടുത്താൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ്കമ്മീഷൻ സുപ്രിം കോടതിയെ അറിയിച്ചു.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ യോഗ്യനല്ലെന്ന് കണ്ടെത്തിയാൽ ഒരാളുടെ പൗരത്വം " ഇല്ലാതാകില്ല" എന്നും കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഒക്ടോബറിലോ നവംബറിലോ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിൽ വോട്ടർ പട്ടികയുടെ പരിഷ്കരണം നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി

2003 ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവരുടെ പൗരത്വ തെളിവായി വ്യക്തമാക്കിയ രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ കാർഡും വോട്ടർ ഐഡിയും ഒഴിവാക്കിയതിനെയാണ് ഹരജിക്കാർ ചോദ്യം ചെയ്തത് .

ഹരജികൾക്ക് മറുപടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചത്.

വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയ്ക്ക് ആധാർ കാർഡുകൾ, വോട്ടർ തിരിച്ചറിയൽ കാർഡുകൾ, റേഷൻ കാർഡുകൾ എന്നിവ സാധുവായ തെളിവായി പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ്കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജൂലൈ 10 ന് വാദം കേൾക്കവയെയാണ് സുപ്രിംകോടതി ഇക്കാര്യം നിർദേശിച്ചത്.

Tags: