ആധാര രജിസ്‌ട്രേഷന് 'ആധാര്‍' അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷന്‍

Update: 2022-11-29 16:47 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 'ആധാര്‍' അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷന്‍. ഇതിനായി രജിസ്‌ട്രേഷന്‍ (കേരള) ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള 'consent based aadhaar authentication service' ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവില്‍ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര കക്ഷികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമാണ് ആശ്രയിക്കുന്നത്.

ആധാര രജിസ്‌ട്രേഷന്‍ സമയത്ത് സാക്ഷി എഴുതുന്ന രീതി പുതിയ സംവിധാനം നിലവില്‍ വരുന്നതോടുകൂടി അവസാനിക്കും. രജിസ്‌ട്രേഷന്‍ നടപടിക്രമം ലളിതവല്‍ക്കരിക്കുന്നതിന് സഹായകരമാകുന്ന 'ആധാര്‍' അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷന്‍ നടപ്പാക്കുന്നതോടുകൂടി ആള്‍മാറാട്ടം പൂര്‍ണമായും തടയാനാവും. ഇത് ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഉള്‍പ്പെടെയുള്ളതില്‍ വകുപ്പിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

പുതിയ സംവിധാനം ആദ്യം തിരഞ്ഞെടുത്ത സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നടപ്പാക്കുമെന്നും തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലേക്കും വ്യാപിപ്പിക്കുമെന്നും രജിസ്‌ട്രേഷന്‍ ഐജി കെ ഇമ്പശേഖര്‍ അറിയിച്ചു. പുതിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് സുതാര്യവും കുറ്റമറ്റതും മികവുറ്റതുമായ സേവനങ്ങള്‍ ഉറപ്പാക്കി വകുപ്പ് മുന്നോട്ടുപോവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News