സ്വന്തം കൈപ്പടയില്‍ എഴുതിയുണ്ടാക്കിയ വിശുദ്ധ ഖുര്‍ആന്റെ കോപ്പി മഹറായി നല്‍കി പൊന്നാനി സ്വദേശിയായ യുവാവ്

Update: 2021-11-13 05:57 GMT

താനൂര്‍: പൊന്നാനി തെക്കേപുറം സ്വദേശിയായ ഹാഫിസ് ഫിറോസ് ഖുറൈശി വിവാഹത്തിന് മഹറായി നല്‍കിയത് സ്വന്തം കൈപ്പടയില്‍ എഴുതിയുണ്ടാക്കിയ വിശുദ്ധ ഖുര്‍ആന്റെ കോപ്പി. എറണാംകുളം ഓണമ്പള്ളി സ്വദേശിയും ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കിയ വധു ഹാഫിസ ആമില ഏറെ സന്തോഷത്തോടെ ഇത് സ്വീകരിക്കുകയും ചെയ്തു. 

താനൂരിലെ റഹ്മത്ത് മസ്ജിദ് ഖത്തിബും വാദി റഹ്മ ഹിഫ്‌ള് ഖുര്‍ആന്‍ കോളേജിലെ അധ്യാപകനുമായ ഫിറോസ് ഖുറൈശി രണ്ട് ദിവസം മുന്‍പാണ് വിവാഹം കഴിച്ചത്. 610 പേജുള്ള ഖുര്‍ആന്‍ ഒന്നേകാല്‍ വര്‍ഷമെടുത്താണ് എഴുതിയുണ്ടാക്കിയത്. ഖുര്‍ആനിലെ തജ് വീദ് നിയമങ്ങള്‍ പ്രത്യേക നിറത്തില്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്.

ഖുര്‍ആനിലെ മുഴുവന്‍ നിയമങ്ങളും പ്രത്യേക നിറത്തില്‍ അടയാളപ്പെടുത്തിയാണ് ഈ കയ്യെഴുത്തുപ്രതി തയ്യാറാക്കിയിട്ടുള്ളത്. ജെല്‍ മഷി ഉപയോഗിച്ചാണ് എഴുതിയിട്ടുള്ളത്. പൊന്നാനിക്കാരുടെ പ്രത്യേകതയായ അറബി കയ്യെഴുത്ത് പഠിച്ച ആളാണ് ഇദ്ദേഹം. നിരവധി പുസ്തകങ്ങള്‍ക്ക് അറബി കയ്യെഴുത്ത് തയ്യാറാക്കിയിട്ടുണ്ട്.

സ്വന്തം വിവാഹത്തിന് ഖുര്‍ആന്റെ കയ്യെഴുത്തുപ്രതി മഹറായി നല്‍കണമെന്ന് ഹാഫിസ് ഏറെ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഒരു വര്‍ഷം കൊണ്ട് അത് തയ്യാറാക്കിയത്. വിവാഹം ഒത്തുവന്നപ്പോള്‍ ഇക്കാര്യം വധുവുമായി പങ്കുവെച്ചു. ഖുര്‍ആന്‍ മനപ്പാഠമാക്കിയ വധു അത്രമേല്‍ പ്രിയത്തോടെയാണ് ഈ ആഗ്രഹം സ്വീകരിച്ചത്. ജീവിതത്തില്‍ ഇതിനേക്കാള്‍ വലിയ ഒരു മഹര്‍ തനിക്കിനി കിട്ടാനില്ല എന്നാണ് വധുവായ ഹാഫിസ ആമില പറഞ്ഞത്. 

Tags: