'ഇനി മൗറീഷ്യസിലേക്കില്ല, ഇത് അടിമകളുടെ രാജ്യം'; 1800കളിലെ കൊളോണിയല്‍കാല അടിമത്തൊഴിലാളികളുടെ ദുരിതം വെളിപ്പെടുത്തി ഇന്ത്യന്‍ വനിതയുടെ മൊഴി

1800ല്‍ കരീബിയനടക്കമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിവിധ കരിമ്പ് പാടങ്ങളിലേക്ക് അടിമത്തൊഴിലാളികളായി കയറ്റിയച്ച 13 ലക്ഷം പേരില്‍ ഒരാളായ ബിബീ സുഹ്‌റൂന്‍ എന്ന വനിതയുടെ ദുരന്തകഥ

Update: 2021-01-18 13:27 GMT

ബിബീ സുഹ്‌റൂന്‍ കരീബിയനടക്കമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിവിധ കരിമ്പ് പാടങ്ങളിലേക്ക് അടിമത്തൊഴിലാളികളായി കയറ്റിയച്ച 13 ലക്ഷം പേരില്‍ ഒരാളാണ്. 1830ല്‍ അഞ്ച് വര്‍ഷത്തെ കരാറില്‍ സുഹ്‌റൂനെ ബ്രിട്ടീഷുകാര്‍ കരീബിയന്‍ ദ്വീപിലേക്ക് അടിമത്തൊഴിലാളിയായി കൊണ്ടുപോയി. മൗറീഷ്യസിലെ കടുത്ത ദുരിതവും മര്‍ദ്ദനവും ലൈംഗികപീഡന ഭീഷണിയും സഹിക്കവയ്യാതെ തൊഴില്‍ക്കരാര്‍ പൂര്‍ത്തിയാവും മുമ്പ് സുഹ്‌റൂന്‍ നാട്ടില്‍ തിരിച്ചെത്തി. 

മൗറീഷ്യസിലെ കരിമ്പ് പാടങ്ങള്‍, ബ്രിട്ടീഷ് ആര്‍ക്കൈവ്‌സ് രേഖകളില്‍ നിന്ന്

 കല്‍ക്കട്ടയിലെത്തിയ ശേഷം അടിമത്തൊഴിലാളികളുടെ പ്രയാസങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മറ്റിയ്ക്കു മുന്നില്‍ സുഹ്‌റൂന്‍ നല്‍കിയ മൊഴി അക്കാലത്തെ തൊഴിലാളികളുടെയും കൊളോണിയല്‍ അധികാരികളുടെയും ജീവിതത്തിലേക്ക് വെളിച്ചംവീശുന്നു. അക്കാലത്ത് വിദേശങ്ങളിലേക്ക് കയറ്റിയയക്കപ്പെട്ട തൊഴിലാളികള്‍ അനുഭവിക്കേണ്ടിവന്ന വഞ്ചനയുടെയും അനീതിയുടെയും കഥ പറയുന്നുവെന്നതിനേക്കാളുപരി ഒരു തൊഴിലാളി സ്ത്രീയുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇതിന്.


സുഹ്‌റൂന്റെ മൊഴിയടങ്ങിയ റിപോര്‍ട്ട്


 ബിബീ സുഹ്‌റൂന്‍നെ കല്‍ക്കട്ടയില്‍ നിന്ന് ഒരു കമ്പനി ഏജന്റാണ് മൗറീഷ്യസിലേക്ക് അയച്ചത്. അവിടെ ഒരു തോട്ടമുടമയുടെ ബംഗ്ലാവില്‍ വീട്ടുജോലിയായിരുന്നു വാഗ്ദാനം ചെയ്തത്. അവിടെ എത്തിയപ്പോള്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് സുഹ്‌റൂന് മനസ്സിലായി. തോട്ടമുടമ ആവശ്യമായ വസ്ത്രം നല്‍കിയില്ല, തണുപ്പില്‍ പുതയ്ക്കാന്‍ ബ്ലാങ്കറ്റ് നല്‍കിയില്ല, ഭക്ഷണം കഴിക്കാന്‍ പാത്രങ്ങളും നല്‍കിയില്ല. ജോലി ചെയ്ത കൂലിയും കൊടുത്തില്ല. ആറ് മാസത്തെ കൂലി മുന്‍കൂര്‍ കൊടുക്കുമെന്നായിരുന്നു ഏജന്റ് അവളെ വിശ്വസിപ്പിച്ചിരുന്നത്.

മൗറീഷ്യസില്‍ അവള്‍ അനുഭവിച്ച ദുരിതങ്ങള്‍ മാത്രമല്ല, സഹതൊഴിലാളികളുടെ ദുരിതകങ്ങളും അവള്‍ കമ്മിറ്റിയ്ക്കു മുന്നില്‍ അവതരിപ്പിച്ചു. കഠിനമായ ജോലി പുരുഷ തൊഴിലാളികളുടെ ആരോഗ്യം നശിപ്പിച്ചുവെന്നുമാത്രമല്ല, പലരെയും ഉടമകള്‍ കൊലപ്പെടുത്തുകയും ചെയ്തു.

തോട്ടങ്ങളില്‍ അവരെ പൂട്ടിയിട്ടു. പ്രതിഷേധിച്ചവരുടെ കൂലി തടഞ്ഞുവച്ചു. നാട്ടിലേക്ക് തിരികെപ്പോകാന്‍ കഴിയാതെ അവര്‍ വിദേശരാജ്യത്ത് അടിമകളായി ജീവിച്ചു. തന്റെ ഒരു സുഹൃത്തിനെയും മൗറീഷ്യസിലേക്ക് പോകാന്‍ ഉപദേശിക്കുകയില്ലെന്ന് അവള്‍ കമ്മിറ്റിയ്ക്കു മുമ്പാകെ മൊഴിനല്‍കി.

മൗറീഷ്യസിലെ തോട്ടങ്ങളില്‍ ചൈനീസ്, ഇന്ത്യന്‍ തൊഴിലാളികള്‍

 പുരുഷന്മാര്‍ക്ക് തോട്ടങ്ങളിലായിരുന്നു ജോലി. സ്ത്രീകള്‍ക്ക് തോട്ടമുടമകളുടെ വീടുകളിലായിരുന്നു പണി. ഉപ്പ് ഉണ്ടാക്കുക, മരത്തില്‍ കയറി പുളി പറയ്ക്കുക, തുണിയലക്കുക, പുല്ലരിയുക, വീട് വൃത്തിയാക്കുക എന്നിവയായിരുന്നു അതില്‍ മുഖ്യം. ഡോ. ബോയ്‌ലൊവ് എന്ന തന്റെ ഫ്രഞ്ചുകാരനായ ഉടമയുമായി സംസാരിക്കാന്‍ സുഹ്‌റൂന്‍ ഫ്രഞ്ചും പഠിച്ചെടുത്തു.

ഡോ. ബോയ്‌ലൊവ് അതിനിടയില്‍ സഹൊറൂനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. വെപ്പാട്ടിയാവാന്‍ പ്രേരിപ്പിച്ചു. വെപ്പാട്ടിയായി ജീവിക്കുന്നതിനേക്കാള്‍ കപ്പല്‍ കയറുന്നതാണ് നല്ലതെന്ന് അവള്‍ നിലപാടെടുത്തു. അവര്‍ തോട്ടമുടമയുടെ നീക്കങ്ങളെക്കുറിച്ച് ഉടമയുടെ ഭാര്യയെ അറിയിച്ചു. നിവൃത്തിയില്ലാതായപ്പോള്‍ പോലിസില്‍ പരാതി കൊടുത്തു. പോലിസ് അവളെ മൂന്ന് മാസത്തേക്ക് ശിക്ഷിച്ച് കറക്ഷന്‍ ഹോമിലേക്ക് അയച്ചു.

ശിക്ഷ കഴിഞ്ഞ് സുഹ്‌റൂന്‍ ഉടമയുടെ വീട്ടിലേക്ക് തന്നെ മടങ്ങി. അവിടെയെത്തിയ അവളെ ഉടമയുടെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് അവള്‍ നാട്ടിലേക്ക് മടങ്ങിയത്. അഞ്ച് വര്‍ഷത്തേക്ക് മൗറീഷ്യസിലേക്ക് പോയ സുഹ്‌റൂന്‍ അങ്ങനെ രണ്ടര വര്‍ഷത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി, ചെയ് പണിക്ക് കൂലിപോലും ലഭിക്കാതെ.

അവിടത്തെ ജീവിതത്തെക്കുറിച്ച് അവള്‍ കമ്മറ്റിക്കു മുന്നില്‍ മൊഴി നല്‍കിയത് താന്‍ ഇനി മൗറീഷ്യസിലേക്കില്ലെന്നും അത് അടിമകളുടെ രാജ്യമാണെന്നുമാണ്. അവിടെ പോകുന്നതിനേക്കാള്‍ ഭേദം ഭിക്ഷയാചിക്കുന്നതാണ് നല്ലതെന്ന് അവള്‍ പറഞ്ഞു.

സുഹ്‌റൂന്റെ ദുരിതം അവിടെയും അവസാനിച്ചില്ല. കടല്‍കടന്ന് പോയ അവളുടെ കയ്യില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാന്‍ അവളുടെ മാതാവ് പോലും തയ്യാറായില്ല. സാമൂഹിക ബഹിഷ്‌കരണവും നേരിട്ടു.

സുഹ്‌റൂന്റെ കഥ ദുരന്തം മാത്രമല്ല, അനീതിയുടേയും അന്യായത്തിന്റെയും കഥ കൂടിയാണ്.

Tags: