സ്ത്രീധനത്തിന്റെ പേരിൽ അഞ്ചു മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ചു ചുട്ടു കൊന്നു

Update: 2026-04-06 07:47 GMT

ശിവമൊഗ്ഗ: കർണാടകയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളോഴിച്ചു ചുട്ടുകൊന്നു. ശിവമൊഗ്ഗ ജില്ലയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലാണ് സംഭവം.

സ്റ്റാഫ് നഴ്സായിരുന്ന ശ്വേത (30)യാണ് ഭർതൃവീട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. വിവാഹസമയത്ത് ആവശ്യപ്പെട്ട സ്ത്രീധനം പൂർണ്ണമായി നൽകിയില്ലെന്നാരോപിച്ച് നിരന്തരം പീഡനം നേരിട്ടുവരികയായിരുന്നു. അഞ്ചു 
മാസം ഗർഭിണിയായിരുന്ന ശ്വേതയെ ഭർത്താവിന്റെ വീട്ടിൽ വച്ചു പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  ചികിൽസയ്ക്കിടെ മരിച്ചു. സംഭവത്തെ തുടർന്ന് സോറബ പോലിസ് സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും കേസെടുത്തു.

ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഭർത്താവിന്റെ സഹോദരൻ ഹേമന്ത്, സഹോദരഭാര്യ ദിവ്യ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2020ൽ നവീനെ വിവാഹം കഴിച്ച ശ്വേതയ്ക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്.

Tags: