എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചേക്കും
വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ നാളെ വിഎസിന്റെ മുന്‍ പിഎ സുരേഷ് പങ്കെടുക്കും
പാലക്കാട്: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചേക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും. കെപിസിസി നേതാക്കള്‍ എ സുരേഷുമായി ചര്‍ച്ച നടത്തി. കെ സി വേണുഗോപാലും വി ഡി സതീശനും സുരേഷുമായി സംസാരിക്കുകയും ചെയ്തു. ഇടത് കോട്ടയായ മലമ്പുഴയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ദീര്‍ഘകാലം വി എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു സുരേഷ്.
പാര്‍ട്ടിയിലെ വാര്‍ത്തകള്‍ ഒറ്റികൊടുത്തുവെന്ന ആക്ഷേപമടക്കം തനിക്കെതിരേ ഉയര്‍ന്നുവന്നിരുന്നു. സാധാരണ ഒരു പാര്‍ട്ടി മെമ്പറായ താന്‍ കേന്ദ്ര സംസ്ഥാന കമ്മിറ്റിയില്‍ നടക്കുന്ന കാര്യങ്ങള്‍ എങ്ങിനെയാണ് അറിയുക? 2012ലാണ് തന്നെയടക്കം മൂന്നു പേരെ കൂടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്. പിന്നീട് 2013ലാണ് അതിന് അംഗീകാരം ലഭിക്കുന്നത് എത്രകാലം വി എസ് തനിക്കുവേണ്ടി സംസാരിക്കുകയും നിരന്തരം കത്തയക്കുകയും ചെയ്തു സുരേഷ് പറഞ്ഞു.
2013ല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി എന്ന കുറ്റം ചുമത്തിയാണ് സുരേഷിനെ സിപിഎം പുറത്താക്കിയത്. സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നതെന്തെന്ന ചോദ്യവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് എ സുരേഷ് തുറന്ന കത്തെഴുതിയിരുന്നു. പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും എന്നാല്‍ ഇക്കാലയളവിലും താന്‍ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു. ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും സുരേഷ് കത്തില്‍ പറഞ്ഞിരുന്നു.
പതിനഞ്ചുവര്‍ഷത്തോടൊപ്പം വിഎസിന്റെ സന്തത സഹചാരിയായിരുന്നു സുരേഷ്. വി എസിനൊപ്പം നിരവധി തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പമുണ്ടായിരുന്നയാളാണ് സുരേഷ്. അതുകൊണ്ടു തന്നെ സുരേഷ് സ്ഥാനാര്‍ഥിയാക്കുമ്പോള്‍ വിഎസിനെ സ്‌നേഹിക്കുന്നവരുടെ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ഉള്ളത്. പുറത്തുവരുന്ന വാര്‍ത്തകളെല്ലാം വസ്തുതാപരമെന്ന് എ സുരേഷ് പറഞ്ഞു. പുതുയുഗ യാത്രയില്‍ പങ്കെടുക്കാന്‍ യുഡിഎഫിന്റെ ഉന്നത നേതാക്കള്‍ തന്നെ ക്ഷണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിഎസ് ഉണ്ടായിരുന്നെങ്കില്‍ ഈ സര്‍ക്കാരും പാര്‍ട്ടിയും ഇങ്ങനെ ആകുമായിരുന്നില്ല. കുറേ തിരുത്തലുകള്‍ വേണ്ടതുണ്ടെന്ന് പാര്‍ട്ടി സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ട്. ജീവിച്ചിരുന്നിരുന്നെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് വിഎസ് ആയിരിക്കും. അദ്ദേഹം ഒരു തിരുത്തല്‍ ശക്തിയായി പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പാര്‍ട്ടി കേരളത്തില്‍ വലിയ ശക്തിയായതും ഭരണം നേടിയതെന്നും എ സുരേഷ് പറഞ്ഞു. പാര്‍ട്ടിക്ക് മൂല്യച്യുതി സംഭവിച്ചാല്‍ പാര്‍ട്ടിയുണ്ടാകും, പക്ഷെ കൂടെ ജനം ഉണ്ടാകില്ല. പാര്‍ട്ടി എല്ലായിപ്പോഴും നിലനില്‍ക്കണമെന്നാണ് ആഗ്രഹം. യുഡിഎഫ് പിന്തുണയില്‍ മല്‍സരിക്കുമ്പോള്‍ മാനസികമായൊരു അസ്വസ്ഥത തോന്നുന്നുണ്ടെന്നും അത് പരസ്യമായി പങ്കുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

