തെരുവുനായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസുകാരി മരിച്ചു

Update: 2025-09-23 16:10 GMT

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസുകാരിക്ക് മരിച്ചു. കായിക്കര എറത്ത് പടിഞ്ഞാറ് ജോണ്‍പോള്‍-പ്രഭന്ധ്യ ദമ്പതികളുടെ മൂത്ത മകള്‍ സഖി(11)ആണ് മരിച്ചത്. കടയ്ക്കാവൂര്‍ എസ്എസ്പിബിഎച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

ചൊവ്വാഴ്ച വൈകിട്ട് 3.30-ഓടെയാണ് അപകടം. സ്‌കൂളിലെ പിടിഎ മീറ്റിങ് കഴിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം മടങ്ങിവരുമ്പോള്‍ കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജ് പ്രഭാത് ജംഗ്ഷന് സമീപത്തുവെച്ച് നായ കുറുകേചാടിയതോടെ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പിതാവ് ജോണ്‍പോളാണ് ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

അമ്മ പ്രഭന്ധ്യയ്ക്ക് നട്ടെല്ലിനും യാത്രക്കാരിയായ മാമ്പള്ളി സ്വദേശിനിക്ക് തോളെല്ലിനും പരിക്കുപറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags: