'തിരുവനന്തപുരം നഗരത്തില്‍ സമരങ്ങള്‍ക്ക് പ്രത്യേക കേന്ദ്രം വേണം'; ഗവര്‍ണര്‍

Update: 2026-01-10 16:36 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സമരങ്ങള്‍ക്ക് ഡല്‍ഹി മാതൃകയില്‍ പ്രത്യേക കേന്ദ്രം വേണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കേര്‍. നഗരസഭ കൗണ്‍സിലര്‍മാര്‍ക്കായി ലോക്ഭവനില്‍ ഒരുക്കിയ ചായ സത്കാരത്തിലാണ് ഗവര്‍ണര്‍ ആശയം മുന്നോട്ടുവച്ചത്. നഗരമധ്യത്തിലെ സമരങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും മുന്‍പ് ലോക്ഭവനിലേക്ക് എത്തിയ ഒരു അതിഥിക്ക് സമരം കാരണം തടസ്സം നേരിട്ട സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏത് പദ്ധതിയുടെ ആവശ്യത്തിനും തന്നെ സമീപിക്കാമെന്നും കേന്ദ്ര സഹായം ലഭിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഗവര്‍ണര്‍ കൗണ്‍സിലര്‍മാരോട് പറഞ്ഞു. കൗണ്‍സിലര്‍മാര്‍ പ്രോഗ്രസ് റിപോര്‍ട്ട് തയാറാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഇതാദ്യമായാണ് സംസ്ഥാന ഗവര്‍ണര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെ കൂടിക്കാഴ്ചക്ക് വിളിച്ചത്. വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെ ലോക്ഭവനില്‍ വെച്ചാണ് യോഗം നടന്നത്.

ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കോര്‍പ്പറേഷനിലെ നൂറ് കൗണ്‍സിലര്‍മാരേയും ഗവര്‍ണര്‍ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് നേതാക്കള്‍ സംസാരിക്കുകയും നഗരവികസനത്തിനായുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. കോണ്‍ഗ്രസിനു വേണ്ടി ശബരീനാഥനും സിപിഎമ്മിനു വേണ്ടി എസ് പി ദീപക്കും ബിജെപിക്കു വേണ്ടി മേയര്‍ വി വി രാജേഷും യോഗത്തില്‍ സംസാരിച്ചു.

Tags: