മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയുടെ മകനായ ഏഴുവയസ്സുകാരന്‍ പട്ടിണികിടന്ന് മരിച്ചു

ദിവസങ്ങളോളം പട്ടിണി കിടന്ന സാമുവല്‍ ഒടുവില്‍ മരിച്ചിട്ടും സരസ്വതി ആരെയും അറിയിച്ചില്ല. കുട്ടിയുടെ മൃതദേഹത്തിന് കൂട്ടിരിക്കുകയായിരുന്നു ഇവര്‍.

Update: 2020-09-01 09:52 GMT

ചെന്നൈ: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയുടെ മകനായ ഏഴുവയസ്സുകാരന്‍ ദിവസങ്ങളോളം പട്ടിണികിടന്ന ശേഷം മരണത്തിന് കീഴടങ്ങി. ചെന്നൈ തിരുനിന്ദ്രവുര്‍ സ്വദേശിയായ സാമുവല്‍ എന്ന കുട്ടിയാണ് പട്ടിണി കിടന്ന് മരിച്ചത്. കുട്ടിയും അമ്മയും തനിച്ചു താമസിക്കുന്ന വീട്ടില്‍ ദിവസങ്ങളോളം ഭക്ഷണമില്ലാതിരുന്നിട്ടും അമ്മ സരസ്വതി ആരെയും അറിയിച്ചിരുന്നില്ല. വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് സരസ്വതി. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദിവസങ്ങളോളം പട്ടിണി കിടന്ന സാമുവല്‍ ഒടുവില്‍ മരിച്ചിട്ടും സരസ്വതി ആരെയും അറിയിച്ചില്ല. കുട്ടിയുടെ മൃതദേഹത്തിന് കൂട്ടിരിക്കുകയായിരുന്നു ഇവര്‍.

മകന്റെ മൃതദേഹം മൂന്നു ദിവസത്തോളം വീട്ടിനകത്ത് സൂക്ഷിച്ച സരസ്വതി ഇടക്കിടെ തുടച്ചുവൃത്തിയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്നു അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസിന് കാണാനായത് ഏഴുവയസ്സുകാരന്റെ അഴുകിത്തുടങ്ങിയ മൃതദേഹവും അരികില്‍ തളര്‍ന്നിരിക്കുന്ന സരസ്വതിയെയുമാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞത് കുട്ടി ദിസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ല എന്നാണ്.

സരസ്വതിയും മകനും താമസിച്ചിരുന്ന സിറ്റിഎച്ച് റോഡിലെ കെട്ടിടത്തില്‍ തന്നെയാണ് ഭര്‍ത്താവിന്റെ അഛനും മറ്റ് ബന്ധുക്കളും കഴിഞ്ഞിരുന്നത്. എന്നാല്‍ ആരുമായും ബന്ധമുണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി സരസ്വതി മകനൊപ്പം വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

Tags: