പെരിന്തല്‍മണ്ണ നഗരത്തില്‍ മോഷണ പരമ്പര: ബൈപ്പാസിലെ തുണിക്കടയുടെ ചില്ലുവാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരത്തിലെ വ്യാപാരസ്ഥാപനത്തില്‍ മോഷണം. മാനത്തുമംഗലം ബൈപ്പാസിലെ ഹിപ്‌ഹോപ് ജെന്റ്‌സ് ഷോപ്പിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. ഷോപ്പില്‍നിന്ന് 10,000 രൂപയോളം നഷ്ടപ്പെട്ടതായി പറയുന്നു.
കഴിഞ്ഞ 31ന് പുലര്‍ച്ചെ മോഷണം നടന്ന ജില്ലാ ആശുപത്രിക്ക് സമീപത്തെ ഫാര്‍മസി ഇവരുടെ സഹോദര സ്ഥാപനമാണ്. അന്ന് സ്ഥാപനത്തിലുണ്ടായിരുന്ന 64,000 രൂപ നഷ്ടപ്പെട്ടിരുന്നു.
ബൈപ്പാസില്‍ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പ് രാത്രി പത്തരയോടെ അടച്ച് ജീവനക്കാര്‍ പോയശേഷമാണ് മോഷണം നടന്നിട്ടുള്ളത്. ഷട്ടറില്ലാത്ത കടയുടെ ചില്ലുവാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.
പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാരയും സ്‌ക്രൂഡ്രൈവറും കടയ്ക്കുള്ളില്‍നിന്നു കിട്ടിയിട്ടുണ്ട്. അകത്തുകടന്ന മോഷ്ടാവ് ടോര്‍ച്ചടിച്ച് മേശവലിപ്പിലെ പണമെടുത്ത് പാന്റിനുള്ളില്‍ വെക്കുന്ന ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പെരിന്തല്‍മണ്ണ എസ്.ഐ. രമാദേവിയും സംഘവുമെത്തി പരിശോധന നടത്തി.
പെരിന്തല്‍മണ്ണയില്‍ മൂന്നു മാസത്തിനിടെ മൂന്നിടത്തായി അഞ്ച് സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. റോഡരികിലെ കടകളില്‍ത്തന്നെയാണ് മോഷണം നടക്കുന്നത്.
സപ്തംബറില്‍ ട്രാഫിക് ജങ്ഷനു സമീപത്തെ തുണിക്കടയിലും മൊബൈല്‍ കടയിലുമുണ്ടായ മോഷണത്തിലെ രണ്ടു പ്രതികളെ പോലിസ് പിന്നീട് പിടികൂടിയിരുന്നു. തുണിക്കടയില്‍നിന്ന് രണ്ടു ലക്ഷത്തോളം രൂപയും മൊബൈല്‍ കടയില്‍നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളുമാണ് നഷ്ടപ്പെട്ടത്. ഒക്‌ടോബര്‍ 31ന് പുലര്‍ച്ചെയാണ് ജില്ലാ ആശുപത്രിക്ക് സമീപത്തെ ഫാര്‍മസിയിലും തൊട്ടടുത്ത ബേക്കറിയിലും മോഷണം നടന്നത്.
ഇപ്പോള്‍ മോഷണം നടന്ന ബൈപ്പാസിലെ തുണിക്കടയിലെ ദൃശ്യങ്ങളും പോലിസിനു ലഭിച്ചിട്ടുണ്ട്.
