കാബൂള്‍ ആശുപത്രി ആക്രമണത്തില്‍ മരിച്ചവരില്‍ മുതിര്‍ന്ന താലിബാന്‍ നേതാവും
കാബൂള്‍: കാബൂള്‍ സൈനിക ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന താലിബാന്‍ നേതാവും. കമാന്‍ഡറായ ഹംദുല്ല മൊഖ്‌ലിസ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ നടന്ന ആക്രമണത്തില്‍ ആകെ 19 പേരാണ് മരിച്ചത്. ഇസ് ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണമെന്നാണ് കരുതപ്പെടുന്നത്. അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമുണ്ട്.
ഹഖാനി നെറ്റ് വര്‍ക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് മൊഖ്‌ലിസ്, കൂടാതെ ബദ്രി കോര്‍പ്‌സ് സ്‌പെഷ്യല്‍ ഫോഴ്‌സിലെ പ്രധാനിയുമാണ്. അഫ്ഗാനില്‍ അധികാരം പിടിച്ചശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ ആദ്യ മുതിര്‍ന്ന നേതാവാണ് .
താലിബാന്‍ അഫ്ഗാന്‍ പിടിച്ച ശേഷം നടക്കുന്ന വലിയ ആക്രമണങ്ങളിലൊന്നാണ് ഇന്നലെ നടന്നത്. അഞ്ച് ഇസ് ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇസ് ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആക്രമണം നടന്ന് 15 മിനിറ്റിനുള്ളില്‍ താലിബാന്‍ തിരിച്ചടിച്ചെന്ന് വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. താലിബാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ആശുപത്രി മേല്‍ക്കൂരയിലേക്ക് ഹെലികോപ്റ്ററില്‍ കമാന്‍ഡര്‍മാരെ എത്തിച്ചു. അതിനിടയില്‍ ഇസ് ലാമിക് സ്റ്റേറ്റ് ചാവേറുകള്‍ ആശുപത്രിയില്‍ പൊട്ടിത്തെറിച്ചു. ഡോക്ടര്‍മാരെയും സാധാരണക്കാരെയും ആശുപത്രികളെയുമാണ് അവര്‍ ഉന്നം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.
