റ്റാറ്റയല്ല, വളർച്ചാ നിരക്ക്; കസ്റ്റഡിയിലും കേന്ദ്രത്തെ പരിഹസിച്ച് ചിദംബരം

Update: 2019-09-03 15:10 GMT

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസിൽ സിബിഐ കസ്റ്റഡിയിൽ തുടരുമ്പോഴും 5ശതമാനം വളര്‍ച്ചാ നിരക്കിൽ കേന്ദ്രത്തെ പരിഹസിച്ച് പി ചിദംബരം. സിബിഐ ഒാഫിസിൽ നിന്ന് പുറത്തുവരുമ്പോഴാണ് 'സര്‍, നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ? 15 ദിവസമായി താങ്കള്‍ കസ്റ്റഡിയിലല്ലേ?' എന്ന് മാധ്യമ പ്രവര്‍ത്തകൻ ചിദംബരത്തോട് ചോദിച്ചത്. ഉടനെ കൈയിലെ അഞ്ച് വിരലുകള്‍ ഉയര്‍ത്തിക്കാട്ടി 'അഞ്ച് ശതമാനം' എന്ന് പറയുകയും അഞ്ച് ശതമാനം നിങ്ങള്‍ക്ക് ഓര്‍മയില്ലേ?' എന്നും മാധ്യമപ്രവര്‍ത്തകനോട് ചിദംബരം തിരിച്ചു ചോദിക്കുകയും ചെയ്തു. സിബിഐ ഉദ്യോഗസ്ഥരും പോലിസുകാരും കൂടെയുള്ളപ്പോഴാണ് രാജ്യത്തിന്‍റെ നിലവിലെ ജിഡിപി വളര്‍ച്ചാ നിരക്ക് സൂചിപ്പിച്ച്‌ കൊണ്ട് കേന്ദ്രത്തെ അദ്ദേഹം പരിഹസിച്ചത്.

ഇതിന്റെ വീഡിയോ ദൃശ്യം ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ചിദംബരത്തിന്റെ ചോദ്യത്തിന് 'ജി.ഡി.പി അല്ലേ? എന്ന് മാധ്യമപ്രവര്‍ത്തകന്‍ മറുചോദ്യം ചോദിക്കുന്നതും ചിദംബരം പെട്ടെന്ന് നടന്നകലുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. പി ചിദംബരം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെക്കുറിച്ച്‌' എന്ന തലക്കെട്ടോടു കൂടി ഈ വീഡിയോ അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

'എന്തുകൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ ചിദംബരത്തെ ഭയപ്പെടുന്നു എന്നതിനെ കുറിച്ച്‌ അദ്ദേഹത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍' എന്ന് കുറിച്ചുകൊണ്ട് കൊണ്ട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ട്വിറ്ററിലും ഈ വീഡിയോ പങ്കുവച്ചു. നിലവില്‍ രാജ്യത്തിന്‍റെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്.