മുസ് ലിം സര്‍ഗാത്മകതയുടെ കാല്‍നൂറ്റാണ്ട്

Update: 2022-03-26 09:41 GMT

പി ടി കുഞ്ഞാലി

കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ കേരളത്തിലെ മുസ്ലിം സര്‍ഗാത്മക രചനാ മണ്ഡലം എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിച്ചുവന്നത്? എന്തെല്ലാം ഉത്ഥാനങ്ങളും നിമ്നോന്നങ്ങളുമാണ് ഈ ദൃശമേഖലയില്‍ സംഭവിച്ചത്? ഏറെ വിസ്മയകരമാണ് ഈയൊരന്വേഷണം. വൈക്കം മുഹമ്മദ് ബഷീറും പൊന്‍കുന്നം സെയ്ദ് മുഹമ്മദും തുടങ്ങി എന്‍ പി മുഹമ്മദും കെ ടി മുഹമ്മദും പുനത്തില്‍ കുഞ്ഞബ്ദുല്ലയും യു എ ഖാദറും യൂസുഫലി കേച്ചേരിയും വി പി മുഹമ്മദും ഉള്‍പ്പെടെ പില്‍ക്കാല തലമുറ നാനാതരം വിതാനങ്ങളിലേക്കു പടര്‍ത്തിയ മുസ്ലിം സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ പിന്നീട് ഏറ്റെടുത്തത് അക്ബറും കൊച്ചുബാവയും റഫീഖ് അഹ്മദും മറ്റുമാണ്. കൂടാതെ ഉറൂബും പി ഭാസ്‌കരനും പൊറ്റെക്കാടും തുടങ്ങി പി വല്‍സല വരെ ഉള്‍പ്പെടുന്ന നിരവധി അമുസ്ലിം എഴുത്തുകാരും മുസ്ലിം സാംസ്‌കാരിക ഭാവുകത്വത്തെ ഉപദാനമാക്കി സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചവരാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ വിവിധ ഘട്ടങ്ങളില്‍ എഴുത്ത് സപര്യകളില്‍ മുഴുകിയ ഇവരില്‍ നമുക്കു രണ്ടുതരം പ്രവണതകള്‍ സ്വാധീനം ചെലുത്തിയതായി കാണാം. ഒന്ന്, മുസ്ലിം സമൂഹത്തില്‍ നടക്കേണ്ട നവോത്ഥാനപരവും സാമൂഹികപരവുമായ പരിഷ്‌കരണങ്ങളെ പ്രചോദിപ്പിക്കുന്ന സോദ്ദേശ രചനാഭിനിവേശമായിരുന്നു അത്. ബഷീറിന്റെ രചനകള്‍ ഇതിന് ഉത്തമ മാതൃകകളാണ്. യു എ ഖാദറിന്റെ 'ചങ്ങല', എന്‍ പിയുടെ 'എണ്ണപ്പാടം', പുനത്തിലിന്റെ 'സ്മാരകശിലകള്‍', മുഹമ്മദ് കോയയുടെ 'സുല്‍ത്താന്‍ വീട്', യൂസുഫലിയുടെ 'അഞ്ചു കന്യകകള്‍' തുടങ്ങിയ നിരവധിയായ നോവലുകളും കവിതകളും ചെറുകഥകളും നിശിതമായ പരിഹാസത്തിലൂടെയും രൂക്ഷമായ വിമര്‍ശനത്തിലൂടെയും ഒരു സമൂഹത്തിനകത്തെ ജീര്‍ണാവസ്ഥകളെ വിമലീകരിക്കാന്‍ നടത്തിയ സര്‍ഗാത്മക ഇടപെടലുകള്‍ തന്നെയാണ്. ഉറൂബിന്റെ 'ഉമ്മാച്ചു' പോലുള്ള നോവലുകള്‍ പക്ഷേ, മാനവികതയുടെ ആര്‍ദ്രപക്ഷത്തേക്കു മുസ്ലിം സാമൂഹിക ജീവിതത്തെ സൗമ്യമായി ആനയിക്കാന്‍ ശ്രമിച്ചതാണ്. പി ഭാസ്‌കരനും വയലാറും ഇടശ്ശേരിയുമാവട്ടെ മുസ്ലിം ലാവണ്യാനുഭൂതികളെയും ആസ്വാദന തനതുകളെയും സര്‍ഗാത്മകമായി ഏറ്റെടുക്കുകയായിരുന്നു. ഇതുകൊണ്ടൊക്കെയും നമുക്കു പ്രയോജനമുണ്ടായി എന്നു തന്നെയാണ് അനുഭവം.

അതു ഭാഷയിലും ആശയപ്രകാശനത്തിലും മുഖ്യധാരാ എഴുത്തുകാരുടെ മാനകരാശിയില്‍ തന്നെയാണ് ഇവരുടെ കൃതികളത്രയും വികസിച്ചുവന്നത്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കഥാമുഹൂര്‍ത്തത്തിലും കഥാപാത്രത്തിന്റെ ആത്മഗതത്തിലും മാത്രമാവും വേറിട്ടൊരു ഭാഷയും വ്യാകരണവും പ്രത്യക്ഷപ്പെടുക. അതാവട്ടെ പലപ്പോഴും ആത്മനിന്ദയും നിശിതമായ പരിഹാസവും മാത്രമായി ആ ഭാഷയും വ്യാകരണവും ഇടിഞ്ഞുനില്‍ക്കും. ഇത്തരം കാഴ്ചകള്‍ അക്കാലത്തെ രചനകളില്‍ നമുക്കു ധാരാളമായി കാണാനാവും. 'എണ്ണപ്പാടത്ത് തൂസീം നൂലും ബെക്കാന്‍ സ്ഥലമില്ല', 'തൂസി ബെക്കണ്ട. ഞമ്മളെ ബെച്ചോളീ.' എന്‍ പി മുഹമ്മദിന്റെ 'എണ്ണപ്പാടം' നോവലില്‍ കൗജുത്താത്തയും കല്‍മേയി താത്തയും തമ്മില്‍ നടത്തുന്ന ഒരു സംഭാഷണത്തിലെ താരതമ്യേന സഭ്യതയുള്ളൊരു പരാമര്‍ശമാണിത്. ഇതുപോലുള്ള ഭാഷയും ബിംബദൃശ്യതയും തന്നെയാണ് പി എം മുഹമ്മദ് കോയയുടെ 'സുല്‍ത്താന്‍ വീട്ടി'ലെ കുലസ്ത്രീകളും പ്രയോഗിക്കുന്നത്. പുനത്തിലിന്റെ 'സ്മാരകശില'യില്‍ ഹാജിയാരും ഖാസിയാരും മുക്രി ഏറമുള്ളാനും ഉപയോഗിക്കുന്ന ഭാഷയും ഇങ്ങനെയുള്ളതു തന്നെയാണ്. യു എ ഖാദറിന്റെ ചങ്ങലയില്‍ ഈ സാംസ്‌കാരിക ഭാഷയും പരിസരവും കുറെക്കൂടി താഴോട്ടു നിരങ്ങുന്നതു കാണാം. ഒരു ഭാഷയും അതിന്റെ പ്രയോഗവും സംഗതമാക്കുന്നത് അതിന്റെ സവിശേഷമായ സന്ദര്‍ഭവും കൂടിയാണ്. മുസ്ലിം സാംസ്‌കാരിക പരിസരം കാവ്യരചനയ്ക്ക് ഉപയോഗിച്ചവരാണ് യൂസുഫലിയും പി ഭാസ്‌കരനും വയലാര്‍ രാമവര്‍മയും.

''ഹജ്ജൊന്ന് ചെജ്ജണം രോമാവൃതമായ
നെഞ്ചില്‍ തലോടിക്കൊണ്ടോതി ഹസന്‍
ഞമ്മളില്‍ സേസിച്ച ഹാജത്താണായതീ
ജമ്മത്തില്‍ ചെയ്തിട്ടേ മജ്ജത്താകൂ'' 

ഇതു കേച്ചേരിയുടെ പ്രസിദ്ധമായ 'കൗജുക്കുട്ടി' എന്ന കവിതയാണ്. ലക്ഷപ്രഭുവായ ഹസന്‍ താന്‍പോരിമയ്ക്കു കോടതി കയറിയും മൊഞ്ചുള്ളവളുമാരെ ബീടരാക്കിയും സര്‍വതും മുടിച്ചുതീര്‍ത്ത് പിന്നെയും തീരാത്ത ഭൗതിക കാമനകളുമായി പാഞ്ഞുനടക്കുന്നു. നിസ്സഹായരായ ഭാര്യയുടെയും പ്രായം തികഞ്ഞുകവിഞ്ഞ മകളുടെയും ദീന ജീവിതം. ഇതൊക്കെയാണ് യൂസുഫലി കവിതയില്‍ പാടിപ്പോവുന്നത്. വയലാര്‍ രാമവര്‍മ മുസ്ലിം ജീവിതത്തെ കാവ്യപാഠ സന്ദര്‍ഭമാക്കിയ ആയിശയിലും ഇങ്ങനെ തന്നെയാണ്. 

വാര്‍പ്പുമാതൃകകള്‍ പൊളിഞ്ഞുവീണ കാലം

ഇത്രയും നിരീക്ഷിക്കേണ്ടിവന്നത് മുസ്ലിം ജീവിതത്തെ മുസ്ലിംകളും ഒപ്പം അപരസമൂഹത്തിലെ എഴുത്തുകാരും ആവിഷ്‌കരിച്ച രീതിമട്ടം കാണാനാണ്. അത്യന്തം പരിഹാസ്യവും ആത്മനിന്ദാ നിര്‍ഭരവുമാണാ ഭാഷയും പരിസരവും. മറ്റുള്ളവര്‍ക്കു മുമ്പില്‍ കൂനിനില്‍ക്കുന്ന സമൂഹമാണന്ന് നമ്മുടെ മുന്നിലുണ്ടായിരുന്നത്. ഭാഷയിലും പ്രവൃത്തിയിലും സാംസ്‌കാരിക നിലവാരത്തിലും. ഇതില്‍നിന്ന് എത്രയോ ഉയര്‍ന്ന ഒരു സമൂഹത്തെയും അവരുടെ കുലീനമാര്‍ന്ന ഭാഷയെയും ആഭിജാതമാര്‍ന്നൊരു ഇച്ഛാശക്തിയെയും ഊര്‍ദ്ധമുഖത്തില്‍ ജ്വലിക്കുന്ന ആത്മബലത്തെയും വടിവാര്‍ന്നു പ്രസരിപ്പിക്കുന്ന ഒരു സമൂഹത്തെയാണ് ഈ കാല്‍നൂറ്റാണ്ടില്‍ നാം കണ്ടെടുക്കുന്നത്. മുസ്ലിം സമൂഹത്തിലെ സര്‍വ വാര്‍പ്പുമാതൃകകളും പൊളിഞ്ഞുവീണ കാല്‍നൂറ്റാണ്ടാണിത്. അതു നോവലില്‍, കവിതയില്‍, ചെറുകഥകളില്‍, പാട്ട് രൂപങ്ങളില്‍, ചലച്ചിത്രത്തില്‍, നാടകത്തിന്റെ അരങ്ങില്‍ തുടങ്ങി സര്‍വസര്‍ഗാത്മക രൂപങ്ങളിലും ഈ അന്തസ്സ് കൈയടക്കത്തോടെ ഇന്നു പൊലിച്ചുനില്‍ക്കുന്നത് കാണാം. ഈ തരത്തിലുള്ള നിരവധി രചനകള്‍ ഈ കാല്‍നൂറ്റാണ്ടിനകത്ത് നമുക്ക് ഉപലബ്ധമായിട്ടുണ്ട്. സ്വയം കര്‍തൃത്വത്തിനുള്ള എല്ലുറപ്പ് കാട്ടുന്ന, അവനവന്റെ ജീവിതം ധീരമായി അവനവന്‍ തന്നെ ജീവിച്ചു കാണിക്കുന്ന ഒരു സമൂഹത്തിന്റെ കുലീനമായ സാന്നിധ്യം ഈ രചനകളില്‍ ഇരമ്പിനില്‍ക്കുന്നു. സീനത്ത് ചെറുകോട് എഴുതി ഒന്നിലേറെ പതിപ്പുകള്‍ പുറത്തുവന്ന 'ആച്ചൂട്ടിത്താളം' എന്ന നോവലിലെ സ്ത്രീ ഇതിന് ഉദാഹരണമാണ്. അവളുടെ വേഷം, വിവാഹം, കുടുംബപദവി, സാമ്പത്തിക വിനിമയശേഷി, പൊതുജീവിതം ഇതൊക്കെയും പുരുഷനാല്‍ നിയന്ത്രിക്കപ്പെടുന്നതും പലപ്പോഴും തടസ്സപ്പെടുന്നതും കാല്‍നൂറ്റാണ്ടിനപ്പുറത്തെ ജീവിത യാഥാര്‍ഥ്യമാണ്. എന്നാല്‍, 2019ല്‍ കോഴിക്കോട് വചനം ബുക്സിലൂടെ പുറത്തുവന്ന 'ആച്ചൂട്ടിത്താള'ത്തിലെ സ്ത്രീ ഈ നിയന്ത്രണങ്ങളെയപ്പാടെ മറിച്ചിട്ട് ധീരമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ഈ സ്വാതന്ത്ര്യം പക്ഷേ, വ്യക്തിനിഷ്ടമല്ല. മറിച്ച് തീര്‍ത്തും സാമൂഹികമാണ്. കൂട്ടുജീവിതത്തിന്റെ സര്‍വലാവണ്യ പൊലിവുകളും വിതാനഭേദങ്ങളും ഏറ്റെടുക്കുന്ന ദീപ്തമായൊരു സാമൂഹിക ജീവിതം ഇവിടെ ദൃശ്യപ്പെടുന്നു. ജീന്‍സ് പെണ്ണിന്റെ സ്വയം തിരഞ്ഞെടുപ്പും പര്‍ദ്ദ ആണധികാരത്തിന്റെ പെണ്‍വഴക്കവുമായി വിപരീതപ്പെടുന്ന കാലത്ത് 'ആച്ചൂട്ടിത്താള'ത്തിലെ സ്ത്രീ ഒരിക്കലും തന്നെ പുരുഷനെ നിരാകരിക്കുന്നില്ല. പകരം അയാള്‍ക്കു കൂടി ഇഴയടുപ്പത്തോടെ ചേര്‍ന്നുനില്‍ക്കാനുള്ള പ്രതലം പണിയുന്നു. അവളോട് പ്രണയം പറയാന്‍ പുരുഷനും അത് അരുമയോടെ നിരാകരിക്കാന്‍ സ്ത്രീക്കും അവസരമുണ്ട്. ഇങ്ങനെ സ്ത്രീയുടെ കര്‍തൃത്വം അവള്‍ തന്നെ ഏറ്റെടുക്കുന്നു. അപ്പോഴുമത് കുലീനവും വെടിപ്പുള്ളതുമായ കുടുംബ ജീവിതം സാധ്യമാവുന്നത് ഈ പുസ്തകം പറയുന്നു. ഇങ്ങനെയുള്ള രചനകളില്‍ മുസ്ലിം സാംസ്‌കാരിക സ്വത്വം ദൃശ്യപ്പെടാന്‍ പഴയകാല എഴുത്തുകാര്‍ തുരുതുരാ ഉപയോഗിച്ചിരുന്ന ബിംബകല്‍പ്പനകളും സാങ്കേതിക സംജ്ഞകളുമുണ്ട്. ഹൂറി, ജന്നത്ത്, മലായിക്കത്ത്, ഇബ്‌ലീസ്, ഹറാം, പര്‍ദ്ദ, ജനാബത്ത് ഇതൊക്കെയും അത്യന്തം പ്രതിലോമപരമായാണ് അക്കാല രചനകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍, പുതുകാല എഴുത്തുകാര്‍ ഇതൊക്കെയും അവരുടെ രചനകളിലേക്കു വളരെ ധനാത്മകമായും പ്രസാദാത്മകമായുമാണ് ഉള്‍ചേര്‍ക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന ഒരു രചനയാണ് ശംസുദ്ദീന്‍ മുബാറക്കിന്റെ 'മരണപര്യന്തം-റൂഹിന്റെ നാള്‍മൊഴികള്‍' എന്ന പുസ്തകം. ഖുര്‍ആന്‍ സൂക്തങ്ങളെയും അതിന്റെ നിരവധിയായ വ്യാഖ്യാന ഗ്രന്ഥങ്ങളുടെയും പരിസരത്തുനിന്ന് ഒരു സാധാരണക്കാരന്റെ മരണാനന്തര ജീവിതപരീക്ഷണങ്ങള്‍ അനാവരണം ചെയ്യുന്നൊരു ആഖ്യായികയാണിത്. നിവൃത്തികേടിനാല്‍ തെറ്റുകളിലേക്കു വീണുപോവുന്ന അബൂബക്കറിന്റെ മകന്‍ ബഷീറിന്റെ മരണാനന്തര ജീവിതമാണീ നോവല്‍ പറയുന്നത്. പണ്ട് കെ ടി മുഹമ്മദും പുനത്തില്‍ കുഞ്ഞബ്ദുല്ലയും പരിഹസിച്ച മരണാനന്തരമല്ലിത്. മറിച്ച് ഇത്തരം കല്‍പ്പനകളെ പ്രമാണത്തിലൂടെ എന്നാല്‍ അത്യന്തം സര്‍ഗാത്മകമായി ആവിഷ്‌കരിക്കുകയാണ് ഇതില്‍.

മാപ്പുസാക്ഷിത്വത്തോടെയും നിരര്‍ഥകമായ യുക്തിബോധത്തോടെയും മതചിഹ്നങ്ങളെ അതിന്റെ ആധാരത്തില്‍തന്നെ ചോദ്യംചെയ്യുന്ന താര്‍ക്കികാനന്ദത്തില്‍നിന്നും പുതുതലമുറ എത്രമാത്രം ഉദ്ഗ്ര ഥിതമായിരിക്കുന്നുവെന്നു നാം ഇന്നറിയുന്നു. 'മരണപര്യന്തം' പ്രസിദ്ധീകരിച്ചത് സിഡി ബുക്സാണ്. 

ചെറുകഥയും കവിതയും 

ചെറുകഥയിലും കാണാം ഇത്തരം ധന്യതയാര്‍ന്ന ആവിഷ്‌കാരശേഷിപ്പുകള്‍. കോഴിക്കോട് പൂര്‍ണ് ബുക്‌സ് പ്രസിദ്ധീകരിച്ച കഥാകൃത്ത് സലീം കുരിക്കളത്തിന്റെ 'മെസപൊട്ടോമിയ' ഇതില്‍ ഉള്‍പ്പെടുന്നു. എങ്ങനെയാണ് ഭരണകൂടം മര്‍ദ്ദക ഉപകരണമായി മാറുന്നതെന്നും അതില്‍ ഒരു പ്രത്യേക സമുദായം എങ്ങനെയാണ് അപരര്‍ മാത്രമല്ല ഇരകള്‍ കൂടിയാക്കപ്പെടുന്നതെന്നും നൂറുപുറം ലേഖനം പറയുന്നതിനെക്കാള്‍ തീക്ഷ്ണമായി മലയാളത്തില്‍ ആവിഷ്‌കരിക്കുന്ന കഥയാണ് സലീമിന്റെ 'കടല്‍മുറ്റം' എന്ന കഥ. രാത്രി ആഹാരം കഴിച്ചു കുഞ്ഞുമകള്‍ക്ക് ജിന്നിന്റെയും ഇഫ്രീത്തിന്റെയും രാക്കഥകള്‍ പറഞ്ഞുകൊടുത്ത് ഉറങ്ങിയതാണ് കസാക്കിന്റകത്ത് ബീരാന്‍ മകന്‍ മരക്കാറും ഭാര്യ ആമിനയും. നേരംപുലര്‍ന്നപ്പോള്‍ മരക്കാറിന്റെ വീട്ടില്‍ പോലിസ് വണ്ടികള്‍ ഇരമ്പിയെത്തി. പരിഭ്രമിച്ചുനിന്ന മരക്കാറെ പോലിസുകാര്‍ ബലാല്‍ക്കാരം പിടിച്ചു കൊണ്ടുപോവുന്നു. പിന്നെ അയാള്‍ ലോക്കപ്പില്‍. മരക്കാറിനും ആമിനയ്ക്കും കാര്യമെന്തെന്ന് അറിയുന്നേയില്ല. പിറ്റേന്ന് ആമിന മകള്‍ ഷംനയെയും കൂട്ടി സ്റ്റേഷനിലേക്കു പോയപ്പോള്‍ അവരുടെ കൈവശം അന്നത്തെ പത്രമുണ്ടായിരുന്നു. അതില്‍ ഇങ്ങനെയൊരു വാര്‍ത്തയും. 'അഞ്ചുപേര്‍ കൊല്ലപ്പെട്ട കടപ്പുറം കലാപത്തിനു കാരണക്കാരനായ കസാക്കിന്റകത്ത് ബീരാന്‍ മകന്‍ മരക്കാറിനെ കര്‍ണാടക അതിര്‍ത്തിയില്‍വച്ചു പോലിസ് സാഹസികമായി അറസ്റ്റ് ചെയ്തു.' കടപ്പുറം വിട്ടൊരു ദേശവും ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത മരക്കാര്‍ മൗനമായി ആ വാര്‍ത്ത വായിച്ചു. പിന്നീട് 14 വര്‍ഷത്തെ ഇരുമ്പറ. വര്‍ത്തമാനകാല ഇന്ത്യ ഈ കഥയിലുണ്ട്. കണ്ണീരും വേദനയും സംഘര്‍ഷവും ഒപ്പം നിസ്സഹായതയും കല്ലിച്ചുനിന്ന 14 വര്‍ഷം. ഇത് ഇന്ത്യയുടെ നേര്‍പടം. കഥാദത്തം മാത്രമല്ല അതിന്റെ ക്രാഫ്റ്റും അനാട്ടമിയും ഏതൊരു മുഖ്യധാരാ കഥകളോടും കിടനില്‍ക്കുന്നതാണ്. 

കവിതയുടെ മണ്ഡലം ഇതിനനെക്കാള്‍ എത്രയോ പ്രതീക്ഷാനിര്‍ഭരമാണ്. പുതുകാല ഭാവുകത്വത്തിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോവുന്ന നിരവധി കവിതകള്‍ ഇന്നു ദിനേനയെന്നോണം വെളിച്ചം കാണുന്നു. ഇന്നു മുഖ്യധാരാ എഴുത്ത് എന്നൊന്നില്ല. അവനവനെ നിരന്തരം ആവിഷ്‌കരിക്കാന്‍ അയാളുടെ മുന്നില്‍ സൈബര്‍ ലോകം വിശാലമായി ഇന്നു തുറന്നുകിടക്കുന്നു. ആരെയും ഭയക്കാതെയും ആരെയും അനുകരിക്കാതെയും ഇന്നൊരാള്‍ക്ക് തന്നെ കവിതയിലൂടെ ആവിഷ്‌കരിക്കാം. അങ്ങനെ എഴുതുന്ന കവിതകള്‍ പലതും മികച്ചതാണ്. ഇതില്‍ മുഖ്യധാരയില്‍ ഇടംകിട്ടിയ കവിയാണ് വീരാന്‍കുട്ടി. കാല്‍നൂറ്റാണ്ടിനിടയില്‍ തീക്ഷ്ണതയാര്‍ന്ന നിരവധി കവിതകള്‍ അദ്ദേഹത്തിന്റെതായുണ്ട്. 

'മിന്നലെറിഞ്ഞിട്ടില്ല, വിളക്കും തെളിഞ്ഞില്ല
ഇത്രയും വെളിച്ചം പിന്നെവിടുന്നുണ്ടായി
നോക്കൂ, അകത്ത് ആരും ഇല്ലാ നേരത്ത്
ഒരു കുഞ്ഞ് തൊട്ടിലില്‍ ദൈവത്തോട് ചിരിച്ച് മറിയുന്നു.' 

എന്നെഴുതുമ്പോള്‍ കവി ദൈവത്തോട് സല്ലപിക്കാനിറങ്ങുന്ന മനുഷ്യജീവിതത്തിന്റെ നിഷ്‌കളങ്കതയെ വിനയത്തോടെ ആവിഷ്‌കരിക്കുകയാണ്. ആസ്ഥിക്യത്തെ ഇത്ര വിമലാദ്രമായി ആശ്ലേഷിച്ച കവിത പുതുകാലത്ത് ഒരു അതിശയമല്ല. ഒരു സമൂഹം എന്ന നിലയില്‍ മുസ്ലിംകള്‍ നേരിടുന്ന അസ്തിത്വ പ്രതിസന്ധികളെ സംബോധന ചെയ്ത നിരവധി കവികളും കവിതകള്‍ക്കും ഈ കാല്‍നൂറ്റാണ്ട് സാക്ഷിയായി. ചരിത്ര സത്യങ്ങളെ അത്രമേല്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഭരണകൂടം നേരിട്ടിറങ്ങിയ കാലമാണിത്. സ്വാതന്ത്ര്യസമര പോരാളികളെ പോലും ചരിത്രത്തില്‍നിന്നപ്പാടെ വെട്ടിമാറ്റിയും കൊളോണിയല്‍ അധിനിവേശതമ്പുരാക്കന്‍മാര്‍ക്ക് നിരന്തരം മാപ്പപേക്ഷ എഴുതിയ ഒറ്റുകാരെ ദേശീയ നേതാക്കളായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ടിപ്പു സുല്‍ത്താനെയും 1921ലെ വിമോചന സമരത്തെയും സത്യസന്ധമായി തന്നെ സര്‍ഗാത്മക രചനയിലേക്ക് ആവിഷ്‌കരിച്ച രണ്ടു രചനകള്‍ നമുക്കു ലഭ്യമായിട്ടുണ്ട്. ഇങ്ങനെ ശ്രദ്ധേയമായ രചനകളാണ് റഹ്മാന്‍ കിടങ്ങയത്തിന്റെ 'അന്നിരുപത്തി ഒന്നും' ഹക്കീം ചോലയില്‍ എഴുതിയ '1920 മലബാര്‍' എന്നീ നോവലുകള്‍. സുല്‍ത്താന്‍ ടിപ്പുവിന്റെ കാലത്തെ മലബാറിനെ നോവലിലേക്കു പടര്‍ത്തിയതാണ് ആബിദ ഹുസയ്‌ന്റെ 'നിലാക്കല്ല്.' 

ഇടതുപക്ഷ നാട്യം തകര്‍ന്നുവീണ വേദികളും സിനിമാ കൊട്ടകകളും 

സിനിമയും നാടക പ്രവര്‍ത്തനവും ഞങ്ങള്‍ കൈയേറിയ പാട്ടഭൂമിയാണെന്നും അവിടെയാരും കൊടിയേറ്റാന്‍ വരേണ്ടതില്ലെന്നുമായിരുന്നു എന്നും ഇടതുപക്ഷത്തിന്റെ അഹന്ത. കൊട്ടകളൊക്കെയും തങ്ങളുടെ സംബന്ധപ്പുരകളാണെന്ന ഇടതുപക്ഷ നാട്യം തകര്‍ന്നുവീണത് ഈ കാല്‍നൂറ്റാണ്ടിന്റെ വര്‍ണക്കാഴ്ചകള്‍ തന്നെയാണ്. 'സുഡാനി ഫ്രം നൈജീരിയ'യിലൂടെയും 'ഹലാല്‍ ലൗ സ്റ്റോറി'യിലൂടെയും ശില്‍പ്പികളായ മുഹസിന്‍ പരാരിയും സകറിയയും പുതുകാല സാമൂഹികതയില്‍ നമുക്കു സമര്‍പ്പിച്ച നവീന ഭാവുകത്വം ഇന്നു മലയാളി സമൂഹം ഏറ്റെടുത്തുകഴിഞ്ഞു. പഴയ ചലച്ചിത്രങ്ങളായ 'ചെമ്മീനും' 'കുപ്പിവളയും' 'പതിനാലാം രാവും' 'അച്ഛനും ബാപ്പയും' നമുക്കു നല്‍കിയ പ്രതിലോമപ്രധാനമായ ആസ്വാദന ലോകങ്ങളെ ഉരുക്കിപ്പണിയുന്നതായിരുന്നു പുതുകാല പ്രതിഭകളുടെ ഭാവുകത്വ പരികല്‍പ്പനകള്‍.

ചരിത്രാലോചനകളില്‍ ഈ കാല്‍നൂറ്റാണ്ട് നമുക്കു നല്‍കിയത് അമ്പരപ്പിക്കുന്ന ധന്യതയാണ്. മലബാര്‍ വിമോചന പോരാട്ടത്തിന്റെ നൂറാം വര്‍ഷം കടന്നുപോവുന്ന ഇക്കാലത്ത് സംഘി സംഘങ്ങള്‍ കുറെയേറെ അധിനിവേശ രേഖകളും കൊളോണിയല്‍ കോടതി പ്രമാണങ്ങളും ബ്രാഹ്മണ്യ താളിയോലകളും കമ്പോളത്തിലിറക്കി മുസ്ലിം സമൂഹത്തെ സ്തംഭിപ്പിക്കാന്‍ ഉളരിയ കാലമാണിത്. പക്ഷേ, ഈ കപടവിദ്യകളെയപ്പാടെ തരിപ്പണമാക്കിയാണ് മുസ്ലിം സമൂഹത്തില്‍നിന്നുണര്‍ന്നു വന്ന ചരിത്രബോധം. എത്രയെത്ര പുസ്തകങ്ങളാണ് ഇക്കാലത്ത് ഇവര്‍ പ്രസിദ്ധീകരിച്ചത്. ഓരോ ദേശത്തിന്റെയും പ്രാദേശിക ചരിത്രം പോലും ശാസ്ത്രീയമായി ഖനിച്ചെടുത്ത് അതത്രയും ചരിത്ര രചനയുടെ സമ്പൂര്‍ണ ആവിഷ്‌കാര രീതിയില്‍ തന്നെ പുസ്തകങ്ങളായി ഇന്നു ലഭ്യമാണ്. സംഘപരിവാരം കടുംകള്ളങ്ങളുടെ സ്ഥൂലരചനകളുമായി വരാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ പുതുകാല യൗവനം സൂക്ഷ്മചരിത്രത്തിന്റെ കൊടുങ്കാറ്റ് തീര്‍ത്ത് അതത്രയും തകര്‍ത്തുകളഞ്ഞു. നൂറുകണക്കിനു പ്രാദേശിക ചരിത്രരചനകളാണിന്ന് കമ്പോളത്തിലുള്ളത്. വാരിയന്‍കുന്നന്‍ ചരിത്രത്തിന്റെ മേഘപാളികള്‍ തുറന്ന് ഉച്ചസൂര്യനെപ്പോലെ ജ്വലിച്ചതും ഇക്കാലത്താണ്. ഗാനരചനയിലും അതിന്റെ സ്വരസ്ഥാനമൊത്ത ആലാപനരാശിയിലും രോമാഞ്ചകരമായ സാന്നിധ്യങ്ങള്‍ ഒട്ടേറെ വരുന്നത് ഇക്കാലത്തു തന്നെയാണ്. അമേരിക്കയിലെ കാലഫോര്‍ണിയാ സര്‍വകലാശാലയുടെ എത്നോ മ്യൂസിക്കോളജി ശേഖരത്തിലേക്കു സ്വീകരിക്കപ്പെട്ട മാപ്പിള സാഹിത്യ കൃതിയാണ് നാസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ 'വാരിയന്‍കുന്നത്ത് സീറപ്പാട്ട്.'

തീര്‍ച്ചയായും കഴിഞ്ഞ കാല്‍നൂറ്റാണ്ട് മുസ്ലിം സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ പൂര്‍ണിമയെത്തിയ വര്‍ഷങ്ങള്‍ തന്നെയാണ്. പഴയ കാലത്തെക്കാള്‍ നമ്മുടെ യുവാക്കള്‍ ജാഗ്രതയുള്ളവരാണ് അവരുടെ സര്‍വ പരിസരങ്ങളെ പ്രതിയും.

കഴിഞ്ഞ നൂറ്റാണ്ടിന്റെ വിവിധ ഘട്ടങ്ങളില്‍ എഴുത്തു സപര്യകളില്‍ മുഴുകിയ ഇവരില്‍ നമുക്കു രണ്ടുതരം പ്രവണതകള്‍ സ്വാധീനം ചെലുത്തിയതായി കാണാം. ഒന്ന്, മുസ്ലിം സമൂഹത്തില്‍ നടക്കേണ്ട നവോത്ഥാനപരവും സാമൂഹികപരവുമായ പരിഷ്‌കരണങ്ങളെ പ്രചോദിപ്പിക്കുന്ന സോദ്ദേശ്യ രചനാഭിനിവേശമായിരുന്നു അത്. ബഷീറിന്റെ രചനകള്‍ ഇതിന് ഉത്തമ മാതൃകകളാണ്. യു എ ഖാദറിന്റെ 'ചങ്ങല', എന്‍ പിയുടെ 'എണ്ണപ്പാടം', പുനത്തിലിന്റെ 'സ്മാരകശിലകള്‍', മുഹമ്മദ് കോയയുടെ 'സുല്‍ത്താന്‍ വീട്', യൂസുഫലിയുടെ 'അഞ്ചു കന്യകകള്‍' തുടങ്ങിയ നിരവധിയായ നോവലുകളും കവിതകളും ചെറുകഥകളും നിശിതമായ പരിഹാസത്തിലൂടെയും രൂക്ഷമായ വിമര്‍ശനത്തിലൂടെയും ഒരു സമൂഹത്തിനകത്തെ ജീര്‍ണാവസ്ഥകളെ വിമലീകരിക്കാന്‍ നടത്തിയ സര്‍ഗാത്മക ഇടപെടലുകള്‍ തന്നെയാണ്. ഉറൂബിന്റെ 'ഉമ്മാച്ചു' പോലുള്ള നോവലുകള്‍ പക്ഷേ, മാനവികതയുടെ ആര്‍ദ്രപക്ഷത്തേക്കു മുസ്ലിം സാമൂഹിക ജീവിതത്തെ സൗമ്യമായി ആനയിക്കാന്‍ ശ്രമിച്ചതാണ്.

എത്രയോ ഉയര്‍ന്ന ഒരു സമൂഹത്തെയും അവരുടെ കുലീനമാര്‍ന്ന ഭാഷയെയും ആഭിജാതമാര്‍ന്നൊരു ഇച്ഛാശക്തിയെയും ഊര്‍ദ്ധമുഖത്തില്‍ ജ്വലിക്കുന്ന ആത്മബലത്തെയും വടിവാര്‍ന്നു നില്‍ക്കുന്ന ഒരു സമൂഹത്തെയാണ് കാല്‍നൂറ്റാണ്ടില്‍ നാം കണ്ടെടുക്കുന്നത്. മുസ്‌ലിം സമൂഹത്തെ പ്രതിയുള്ള നിലനിന്നിരുന്ന സര്‍വവാര്‍പ്പുമാതൃകകളും പൊളിഞ്ഞുവീണ കാല്‍നൂറ്റാണ്ടാണിത്. അതു നോവലില്‍, കവിതയില്‍, പാട്ട് രൂപങ്ങളില്‍, ചലച്ചിത്രത്തില്‍, നാടകത്തില്‍ തുടങ്ങി സര്‍വസര്‍ഗാത്മക രൂപങ്ങളിലും ഈ അന്തസ്സ് കൈയടക്കത്തോടെ ഇന്നു പൊലിച്ചുനില്‍ക്കുന്നതു കാണാം. ഈ തരത്തിലുള്ള നിരവധി രചനകള്‍ ഈ കാല്‍നൂറ്റാണ്ടിനകത്തു പ്രസാധിതമായിട്ടുണ്ട്. സ്വയം കര്‍തൃത്വത്തിനുള്ള എല്ലുറപ്പ് കാട്ടുന്ന, അവനവന്റെ ജീവിതം ധീരമായി തന്നെ ജീവിച്ചുകാണിക്കുന്ന ഒരു സമൂഹത്തിന്റെ കുലീനമായ സാന്നിധ്യം ഈ രചനകളില്‍ ഇരമ്പിനില്‍ക്കുന്നു.

പുതുകാല ഭാവുകത്വത്തിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോവുന്ന നിരവധി കവിതകള്‍ ഇന്നു ദിനേനയെന്നോണം വെളിച്ചംകാണുന്നു. ഒന്നാമത്, ഇന്നു മുഖ്യധാരാ എഴുത്ത് എന്നൊന്നില്ല. അവനവനെ നിരന്തരം ആവിഷ്‌കരിക്കാന്‍ അയാളുടെ മുന്നില്‍ സൈബര്‍ ലോകം തുറന്നുകിടക്കുന്നു. ആരെയും ഭയക്കാതെയും ആരെയും അനുകരിക്കാതെയും ഇന്നൊരാള്‍ക്ക് തന്നെ കവിതയിലൂടെ ആവിഷ്‌കരിക്കാം. അങ്ങനെ എഴുതുന്ന കവിതകള്‍ ധാരാളം. ഇതില്‍ മുഖ്യധാരയില്‍ ഇടംകിട്ടിയ കവിയാണ് വീരാന്‍കുട്ടി. കാല്‍നൂറ്റാണ്ടിനിടയില്‍ തീക്ഷ്ണതയാര്‍ന്ന നിരവധി കവിതകള്‍ അദ്ദേഹത്തിന്റെതായുണ്ട്. 

സിനിമയും നാടക പ്രവര്‍ത്തനവും ഞങ്ങള്‍ കൈയേറിയ പാട്ടഭൂമിയാണെന്നും അവിടെയാരും കൊടിയേറ്റാന്‍ വരേണ്ടതില്ലെന്നുമായിരുന്നു എന്നും ഇടതുപക്ഷത്തിന്റെ അഹന്ത. കൊട്ടകളൊക്കെയും തങ്ങളുടെ സംബന്ധപ്പുരകളാണെന്ന ഇടതുപക്ഷ നാട്യവും തകര്‍ന്നൂവീണത് ഈ കാല്‍നൂറ്റാണ്ടിന്റെ വര്‍ണക്കാഴ്ചകള്‍ തന്നെയാണ്. 'സുഡാനി ഫ്രം നൈജീരിയ'യും 'ഹലാല്‍ ലൗ സ്റ്റോറി'യിലും മുഹസിന്‍ പരാരിയും സകറിയയും പുതുകാല സാമൂഹികതയില്‍ നമുക്കു സമര്‍പ്പിച്ച നവീന ഭാവുകത്വം ഇന്നു നവോത്ഥാനപ്പെട്ട മലയാളി ഏറ്റെടുത്തുകഴിഞ്ഞു. 'ചെമ്മീനും' 'കുപ്പിവളയും' 'പതിനാലാം രാവും' 'അച്ഛനും ബാപ്പയും' നമുക്കു നല്‍കിയ പ്രതിലോമ പ്രധാനമായ ആസ്വാദന ലോകങ്ങളെ ഉരുക്കിപ്പണിയുന്നതായിരുന്നു പുതുകാല ചലച്ചിത്രാസ്വാദന ലോകം. 

Tags: