കസ്റ്റഡിയിലായിരിക്കെ ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ച പോലിസുകാരനെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: കര്‍ണാടകയിലെ ഗോനിബീഡുവില്‍ ദലിത് യുവാവിനെ കസ്റ്റഡിയിലായിരിക്കെ മൂത്രം കുടിപ്പിച്ച എസ്‌ഐയെ പോലിസ് അറസ്റ്റ് ചെയ്തു. ചിക്കമംഗ്ലൂര്‍ ജില്ലയില്‍ ഗോനിബീഡു സ്‌റ്റേഷനിലെ എസ്‌ഐ അര്‍ജുനാണ് ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചത്. സംഭവം സംസ്ഥാനത്ത് ചര്‍ച്ചയാവുകയും ദലിത് സംഘടനകള്‍ പോരാട്ടം സംഘടിപ്പിക്കുകയു ചെയ്തതിനുശേഷമാണ് സര്‍ക്കാര്‍ നടപടിയിലേക്ക് പ്രവേശിച്ചത്.
ചിക്കമംഗ്ലൂര്‍ എസ്പി രവി ഡിയാണ് പോലിസുകാരനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് മാസം 10ാം തിയ്യതിയാണ് ഗോനിബീഡുവില്‍ നിന്ന് പുനിത് കെ എല്‍ എന്ന യുവാവിനെ എസ് ഐ അര്‍ജുനും സംഘവും പിടികൂടിയത്. അര്‍ജുന്‍ പുനിത്തിനെ മര്‍ദ്ദിക്കുകയും മറ്റൊരു യുവാവിനോട് മുഖത്ത് മൂത്രമൊഴിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് നിലത്ത് ഒഴുകിയ മൂത്രം പുനിത്തിനെക്കൊണ്ട് നക്കിക്കുടിപ്പിച്ചു.
പുറത്തുവന്നശേഷം പുനിത്ത് പോലിസിനും മനുഷ്യാവകാശ കമ്മീഷനും കത്തെഴുതിയതോടെയാണ് സംഭവം പുറത്തുവന്നത്. മെയ് 22ാം തിയ്യതി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലിസുകാരനെ അടുത്ത ദിവസങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്തു.
നേരത്തെ പുനിത്തിനും സുഹൃത്തിനുമെതിരേ ഒരു ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സിഐഡി അന്വേഷിച്ച കേസില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.
തനിക്കെതിരേയുള്ള കേസ് പിന്‍വലിക്കണമെന്ന അര്‍ജുന്റെ ഹരജി ജൂലൈയില്‍ ഹൈക്കോടതി തള്ളി. പിന്നീട് ആ ഹരജി പിന്‍വലിച്ചു. എത്രയുംപെട്ടെന്ന് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
പോലിസുകാരനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ സമരം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്.
