കന്നുകാലി മോഷണമാരോപിച്ച് ബീഹാറില്‍ മുസ് ലിംചെറുപ്പക്കാരനെ തല്ലിക്കൊന്നു

Update: 2022-08-02 06:39 GMT

സമസ്തിപൂര്‍: ബീഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കന്നുകാലികളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുസ് ലിം ചെറുപ്പക്കാരനെ തല്ലിക്കൊന്നു.

വിഭൂതിപൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചഖാബിബ് ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ആദ്യം ഇരയെ തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് ബെഗുസരായിലെ എഗ്ഗില്‍ താമസിക്കുന്ന മുഹമ്മദ് മുസ്തഖീം ആണെന്ന് തിരിച്ചറിഞ്ഞതായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ചന്ദ്രകാന്ത് ഗൗരി പറഞ്ഞു.

കര്‍ഷകനായ സുഖ്‌ലാല്‍ സാഹ്‌നിയുടെ വീട്ടില്‍ നിന്ന് മൂന്ന് പേര്‍ കാളയെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. അയല്‍ക്കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

നാട്ടുകാരുടെ വിശദീകരണമനുസരിച്ച് ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ഒരാളെ പിടികൂടി. ഗ്രാമവാസികള്‍ ഇയാളെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ഇഷ്ടികയും വടിയും ഉപയോഗിച്ച് മരിക്കുന്നതുവരെ ഇടിക്കുകയും ചെയ്തു. മൃതദേഹം ഗ്രാമത്തിലെ ഒരു തെരുവില്‍ ഉപേക്ഷിച്ചു.

'തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് സംഭവം. പുലര്‍ച്ചെ അഞ്ച് മണിയോടെ വിവരമറിഞ്ഞ് ഞങ്ങള്‍ സ്ഥലത്തെത്തി. ഞങ്ങള്‍ മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്'- പോലിസ് ഉദ്യോഗസ്ഥനായ ചന്ദ്രകാന്ത് ഗൗരി പറഞ്ഞു.

മര്‍ദിച്ച സ്ഥലത്ത് നിന്ന് ഒരു മൊബൈല്‍ ഫോണും മോട്ടോര്‍ സൈക്കിളും കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 50 മുതല്‍ 60 വരെ പേരെ പ്രതികളാക്കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണംനടക്കുകയാണെന്ന് പോലിസ് പറഞ്ഞു.