ലോകസമ്പന്നന്‍ ഇലോണ്‍ മസ്‌ക് ആണെന്ന വ്യാജേന വിവാഹവാഗ്ദാനം; മുംബൈ സ്വദേശിനിയില്‍ നിന്ന് തട്ടിയെടുത്തത് 16 ലക്ഷത്തിലധികം രൂപ
മുംബൈ: ലോകസമ്പന്നന്‍ ഇലോണ്‍ മസ്‌ക് ആണെന്ന വ്യാജേന വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് തട്ടിയെടുത്തത് 16 ലക്ഷത്തിലധികം രൂപ. ചെമ്പൂര്‍ സ്വദേശിനിയായ നാല്പതുകാരിയാണ് 'വ്യാജ മസ്‌കിന്റെ' വലയില്‍ വീണത്. തന്നെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ഒക്ടോബറിലാണ് യുവയിയും ഇയാളും പ്രണയത്തിലാകുന്നത്. എക്‌സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. വിസ നടപടികള്‍ വേഗത്തിലാക്കാന്‍ എന്ന പേരില്‍ ജയിംസ് എന്ന മറ്റൊരാളെ തട്ടിപ്പുകാരന്‍ യുവതിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇയാളുടെ നിര്‍ദേശപ്രകാരം ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങിയാണ് യുവതി പണം കൈമാറിയത്. മാസങ്ങളെടുത്താണ് പണം തട്ടിയെടുത്തത്. ഒക്ടോബര്‍ മുതല്‍ ഈ മാസം വരെ 16.34 ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടമായത്.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എന്ന പേരില്‍ വീണ്ടും രണ്ട് ലക്ഷം രൂപ കൂടി ചോദിച്ചതോടെയാണ് യുവതിക്ക് അബദ്ധം മനസിലായത്. പണം നല്‍കില്ലെന്ന് പറഞ്ഞതോടെ 'നിന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകില്ല' എന്ന് പറഞ്ഞ് പ്രതി ബന്ധം അവസാനിപ്പിച്ചു. ഇതോടെ ചതി മനസ്സിലാക്കിയ യുവതി മാതാപിതാക്കളെ വിവരമറിയിക്കുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.