ചാടിയത് സിംഹക്കൂട്ടിലേക്ക്; മനോരോ​ഗിയായ യുവാവിനെ രക്ഷിച്ചത് ജീവനക്കാരുടെ ഇടപെടൽ (വീഡിയോ)

Update: 2019-10-17 13:38 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ സുരക്ഷാ ജീവനക്കാരുടെ അവസരോചിത ഇടപെടല്‍ രക്ഷിച്ചു. ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം. സിംഹക്കൂട്ടിലെ കമ്പി വേലി മറികടന്ന് അകത്ത് കയറിയ മനോരോഗമുള്ള യുവാവ് സിംഹത്തിന് മുമ്പിലെത്തുകയായിരുന്നു. സിംഹത്തിന് മുന്നില്‍ ഇരുന്നും നിരങ്ങിയും യുവാവ് കുറേ സമയം ചെലവഴിച്ചു. അല്‍പ്പസമയം കഴിഞ്ഞതോടെ സിംഹം ആക്രമണ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങി. ഇതോടെ മൃഗശാലയിലെത്തിയവരും ജീവനക്കാരും ശബ്ദമുണ്ടാക്കി സിംഹത്തെ അകറ്റാന്‍ ശ്രമിച്ചു. എങ്കിലും സിംഹം ആക്രമണം തുടര്‍ന്നതോടെ കൂടുതല്‍ സുരക്ഷാ ജീവനക്കാരെത്തി സിംഹത്തെ യുവാവില്‍ നിന്ന് അകറ്റുകയായിരുന്നു.

യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ദില്ലി പോലിസ് പറഞ്ഞു. ബീഹാര്‍ സ്വാദേശിയായ 28 വയസ്സുള്ള റഹാന്‍ഖാനാണ് കൂട്ടിനുള്ളില്‍ കയറിയതെന്ന് പിന്നീട് കണ്ടെത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2014ല്‍ സമാനമായ സംഭവം ദില്ലി മൃഗശാലയില്‍ സംഭവിച്ചിരുന്നു. അന്ന് കൂട്ടില്‍ അബദ്ധത്തില്‍ വീണ മനോരോഗിയായ യുവാവിനെ വെള്ളകടുവ കടിച്ച് കൊല്ലുകയും ചെയ്തിരുന്നു.