ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ ലൈംഗികാതിക്രമം. ഖജ്റാന റോഡിലെ ഹോട്ടലില്‍ താമസിച്ചിരുന്ന രണ്ടു വനിതാ താരങ്ങള്‍ക്കാണ് ദുരനുഭവം നേരിട്ടത്. ഇന്നലെ രാത്രി ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ബൈക്കിലെത്തിയ അഖ്വീല്‍ ഖാന്‍ എന്നയാള്‍ താരങ്ങളെ പിന്തുടരുകയും ഇയാള്‍ അനാവശ്യമായി പെരുമാറുകയും ചെയ്തു.
താരങ്ങള്‍ ഉടന്‍ തന്നെ ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാന്നി സിമ്മന്‍സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് എംഐജി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. അസിസ്റ്റന്റ് കമ്മീഷണര്‍ ഹിമാനി മിശ്ര താരങ്ങളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
ബൈക്കിന്റെ നമ്പറിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലിസ് പിടികൂടിയത്. ഇയാളുടെ പേരില്‍ മുന്‍പും ക്രിമിനല്‍ കേസുകളുണ്ടായിരുന്നുവെന്നും, ബിഎന്‍എസ് സെക്ഷന്‍ 74, 78 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.