ശ്രീറാം വെങ്കട്ടരാമനെ കലക്ടറാക്കിയ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളി: എ കെ സലാഹുദ്ദീന്‍

കൊലപാതക കുറ്റം ആരോപിക്കപ്പെട്ട വ്യക്തി ജില്ലാ ഭരണാധികാരിയാവുന്നതോടെ നീതിപൂര്‍വവും നിഷ്പക്ഷവുമായ വിചാരണ നടപ്പിലാകുമെന്ന് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2022-07-25 06:56 GMT

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കി നിയമിച്ച നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍. കൊലപാതക കുറ്റം ആരോപിക്കപ്പെട്ട വ്യക്തി ജില്ലാ ഭരണാധികാരിയാവുന്നതോടെ നീതിപൂര്‍വവും നിഷ്പക്ഷവുമായ വിചാരണ നടപ്പിലാകുമെന്ന് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസ് അട്ടിമറിക്കണമെന്ന സര്‍ക്കാരിന്റെ ദുഷ്ടലാക്കാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബഷീര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സുപ്രധാനമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ട് നീതി നിഷേധിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. നരഹത്യാ കേസിലെ പ്രതിയെ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയില്‍ നിയമിക്കുന്നത് സുതാര്യമായ വിചാരണ അട്ടിമറിക്കപ്പെടുമെന്നതിനാല്‍ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച നടപടി ഇടതു സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും എ കെ സലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.

Tags: