പൊന്നാനിയില്‍ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു

Update: 2024-04-14 07:16 GMT

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടമായി. 350 പവനോളം സ്വര്‍ണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇവ പൂര്‍ണമായും കവര്‍ന്നതായാണു സൂചന. പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം കുടുംബവും ദുബായിലാണു താമസിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് രാജീവും കുടുംബവും നാട്ടിലെത്തി തിരിച്ചുപോയത്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി വൈകീട്ട് നാലു മണിയോടെ സ്ഥലത്തെത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അകത്തു കയറിയപ്പോള്‍ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു.

സി.സി.ടി.വി ഡി.വി.ആര്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. മോഷണവിവരം അറിഞ്ഞ് രാജീവ് നാട്ടിലെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Tags: