കറുത്ത വസ്ത്രംധരിച്ചവരെപ്പോലും അറസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ തനിക്കെതിരേ ആക്രമണംനടന്നപ്പോള്‍ നിശ്ശബ്ദരായി; കേരള സര്‍ക്കാരിനെതിരേ ഗവണര്‍

Update: 2022-08-29 18:16 GMT

തിരുവനന്തപുരം: 2019ല്‍ തനിക്കെതിരായ ആക്രമണം നടന്നപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നിഷ്‌ക്രിയരായെന്ന് കുറ്റപ്പെടുത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 'ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയുടെ' തുടക്കമായിരുന്നു അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

'ഇടതുപക്ഷത്തിന് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഒരു കാര്യം ഉറപ്പാണ്, എന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയില്ല. അവര്‍ക്ക് പ്രസ്താവനകള്‍ നടത്താം, കറുത്ത ഷര്‍ട്ട് ധരിച്ച ആളുകളെ അറസ്റ്റ് ചെയ്യാം, എന്നാല്‍ ഗവര്‍ണറെ ആക്രമിക്കുമ്പോള്‍ നടപടിയെടുക്കുന്നില്ല, വാസ്തവത്തില്‍, അതാണ് തുടക്കം. ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ച, പക്ഷേ, ആക്രമണം എനിക്കെതിരെയായതിനാല്‍ ഞാന്‍ അത് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചില്ല. എന്റെ പക്ഷപാതവും മുന്‍വിധിയും എന്റെ തീരുമാനങ്ങളെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കില്ല. തീരുമാനങ്ങള്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും'- സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആഞ്ഞടിച്ചു.

2019ലെ സംഭവത്തില്‍ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാത്തതിന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ കേരള ഗവര്‍ണര്‍ കഴിഞ്ഞയാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2019 ലെ ഒരു പരിപാടിയില്‍ ഇര്‍ഫാന്‍ ഹബീബ് ശാരീരികമായി ആക്രമിച്ചുവെന്നാണ് ഗവര്‍ണറുടെ ആരോപണം. സംഭവത്തിന്റെ വീഡിയോ കാണണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

'മിസ്റ്റര്‍ ഇര്‍ഫാന്‍ ഹബീബ്, 2019 ലെ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ വീഡിയോ കാണാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, നിങ്ങളോട് ചോദ്യം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ നിങ്ങള്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് എന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായി നിങ്ങള്‍ക്ക് കാണാം. എന്നെ ശാരീരികമായി മറികടക്കാനുള്ള ഈ ശ്രമങ്ങള്‍ അക്കാദമിക് പ്രവൃത്തികളാണോ അതോ തെരുവ് ഗുണ്ടയെപ്പോലെയാണോ പെരുമാറിയതെന്ന് ദയവായി വ്യക്തമാക്കുമോ?' പ്രസ്താവനയില്‍ പറയുന്നു.

കണ്ണൂര്‍ സര്‍വകലാശാല വിസി ക്രിമിനലാണെന്ന് ഖാന്‍ നേരത്തെ ആരോപിച്ചിരുന്നു. 2019 ഡിസംബറിലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിനിടെ ഇര്‍ഫാന്‍ ഹബീബ് തന്നെ ശാരീരികമായി ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഗവര്‍ണറുടെ ആരോപണം.

Tags: