പെരിന്തല്‍മണ്ണ അലിഗഢ് കേന്ദ്രത്തിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറാകുന്നു

രോഗവ്യാപനം ഉണ്ടാവുകയാണെങ്കില്‍ അടിയന്തിരമായി നടപ്പാക്കാന്‍ ആദ്യഘട്ടം എന്ന നിലക്ക് 100 രോഗികള്‍ക്കുള്ള വേണ്ട സൗകര്യങ്ങളാണ് ഒരുക്കുന്നത്.

Update: 2020-07-24 15:22 GMT

പെരിന്തല്‍മണ്ണ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏലംകുളം പഞ്ചായത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാല ഓഫ് കാംപസില്‍ ഒരുക്കും.രോഗവ്യാപനം ഉണ്ടാവുകയാണെങ്കില്‍ അടിയന്തിരമായി നടപ്പാക്കാന്‍ ആദ്യഘട്ടം എന്ന നിലക്ക് 100 രോഗികള്‍ക്കുള്ള വേണ്ട സൗകര്യങ്ങളാണ് ഒരുക്കുന്നത്.

30 ഓളം വരുന്ന യുവജന സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആവശ്യം വരാവുന്ന സ്ഥലവും സൗകര്യങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും തയ്യാറാക്കി.മലപ്പുറം ജില്ലാ തല നോഡല്‍ ഓഫിസര്‍ ഉമേഷ് ഐഎഎസ്, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു ഐഎഎസ് എന്നിവര്‍ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി. അലിഗഡ് സര്‍വകലാശാല ഓഫ് കാംപസ് ഈ ആവശ്യത്തിന് ലഭ്യമാക്കാന്‍ ഉണ്ടായിരുന്ന സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസും ഉന്നത വിദ്യാഭ്യാസ വകുപ്പും ജില്ലാ തല ആരോഗ്യ വിഭാഗവും കളക്ടറും ഒരുമിച്ചതോടെയാണ് സാധ്യമായത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അഞ്ജു ഐഎഎസ് കാംപസ് കോവിഡ് 19 സിഎഫ്എല്‍ടിസിക്ക് വേണ്ടി ഏറ്റെടുത്തതായി അറിയിപ്പ് നല്‍കുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.


ജില്ലയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ ഉള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ദ്രുതഗതിയില്‍ തയ്യാറാക്കിയ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയെ ഉമേഷ് ഐഎഎസ് പ്രത്യേകം അഭിനന്ദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ആയിശ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി അനില്‍, വാര്‍ഡ് മെമ്പര്‍ സ്വപ്ന ബാബുരാജ്, പഞ്ചായത്ത് സെക്രട്ടറി എസ് കെ രാജീവ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫൗസിയ, ജെഎച്ച്‌ഐ റഫീക്ക്, വില്ലേജ് അസിസ്റ്റന്റ് കെ ജാഫര്‍, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം പി ഗോവിന്ദ പ്രസാദ് എന്നിവരും കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ വിലയിരുത്തി.

Tags:    

Similar News