'85 രൂപക്ക് ചിക്കന്‍ വിതരണം ചെയ്യുമെന്ന് ഒരു സാമ്പത്തിക വിദഗ്ധന്‍ സഭയില്‍ പറഞ്ഞിരുന്നു'; ഐസക്കിനെ ചൂണ്ടി റോജി എം ജോണ്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കിറ്റ് വിതരണം അവസാനിപ്പിച്ചു

Update: 2022-03-16 11:07 GMT

തിരുവനന്തപുരം: 85 രൂപക്ക് കെ ചിക്കന്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ധന്‍ ഈ സഭയില്‍ ഉണ്ടായിരുന്നുവെന്ന് റോജി എം ജോണ്‍ എംഎല്‍എ. കോഴിയിറച്ചിക്ക് വില വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേരള ചിക്കന്‍ പദ്ധതിയെ പരാമര്‍ശിച്ചുള്ള റോജി എം ജോണിന്റെ പ്രസ്താവന. കോഴിയിറച്ചിയുടെ വില 160 ലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം സഭയില്‍ അടിയന്തിര പ്രമേയമായി റോജി എം ജോണ്‍ അവതരിപ്പിക്കുകയായിരുന്നു.

കൊവിഡ് മഹാമാരി കേരളത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്നും ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെയാണ് വിലക്കയറ്റം ബാധിച്ചത് എന്നുമാണ് സഭയില്‍ റോജി എം ജോണ്‍ ആരോപിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില നിയന്ത്രിക്കുന്ന പോലെയാണ് കിറ്റ് വിതരണം നടക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കിറ്റ് വിതരണം അവസാനിപ്പിച്ചു എന്നും റോജി എം ജോണ്‍ സഭയെ അറിയിച്ചു.

90 രൂപയുണ്ടായിരുന്ന കോഴിയിറച്ചിക്ക് കുറച്ചു ദിവസങ്ങള്‍ കൊണ്ടാണ് വില 70 രൂപ വര്‍ദ്ധിച്ചത്. സംസ്ഥാനത്തെ 50 ശതമാനം ഇറച്ചി കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉല്‍പ്പാദിപ്പിക്കാനാണ് കുടുംബശ്രീ വഴി കേരള ചിക്കന്‍ പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ കേരള ചിക്കന്‍ പദ്ധതിക്കും ഇടപെടാന്‍ സാധിച്ചില്ലെന്ന് വ്യക്തമാകുന്നു. സംസ്ഥാനത്തെ വിലക്കയറ്റം രൂക്ഷമാണെന്നും അത് മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്ക് ധനമന്ത്രിയെപ്പോലെ സാമ്പത്തിക വിദ?ഗ്ധനാകേണ്ടതില്ലെന്നും പ്രതിപക്ഷം പറഞ്ഞു.

2017 ലായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക് ഒരു കിലോ ചിക്കന് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപനം നടത്തിയത്. 87 രൂപയ്ക്ക് മുകളില്‍ കോഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ജിഎസ്ടിയില്‍ നികുതി ഒഴിവാക്കിയെങ്കിലും കോഴിയിറച്ചി വില കൂടുന്ന ഒരു സാഹചര്യത്തിലായിരുന്നു തോമസ് ഐസകിന്റെ പ്രഖ്യാപനം. ജിഎസ്ടിയുടെ പേരില്‍ കൊള്ളലാഭം ഇടാക്കാന്‍ അനുവദിക്കില്ലെന്നും ഇതിന് ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അന്ന് തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. 

Tags: