സെല്‍ഫി നിരോധിച്ച് ഗുജറാത്തിലെ ഒരു ജില്ല

സെല്‍ഫിയെടുക്കുന്നത് മാത്രമല്ല മഴക്കാലത്ത് കുളിക്കാനോ വസ്ത്രങ്ങള്‍ കഴുകാനോ പ്രദേശവാസികള്‍ ഏതെങ്കിലും നദിയിലേക്കോ ജലാശയങ്ങളിലേക്കോ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Update: 2021-06-30 08:52 GMT

വഡോദര: സെല്‍ഫി എടുക്കുന്നത് തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് കാരണമായതോടെ ഗുജറാത്തിലെ ഒരു ജില്ലയില്‍ സെല്‍ഫി നിരോധിച്ചു. ഗുജറാത്തിലെ ഡാങ് ജില്ലാ ഭരണകൂടമാണ് സെല്‍ഫി നിരോധിത ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ 23 ന് പുറത്തിറക്കിയ പൊതു വിജ്ഞാപന പ്രകാരം അപകടങ്ങള്‍ തടയാന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സെല്‍ഫികള്‍ ക്ലിക്കുചെയ്യുന്നത് ജില്ലാ ഭരണകൂടം വിലക്കിയിട്ടുണ്ട്.

സപുതാര ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഈ ജില്ലയിലാണ്. എന്നാല്‍ വിനോദസഞ്ചാരികളുടെ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രമായി നിയമം പരിമിതപ്പെടുന്നില്ലെന്നും ജില്ല മുഴുവന്‍ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി കെ ദാമര്‍ പറഞ്ഞു. നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ സെല്‍ഫി എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ഇതിനെ കുറ്റകൃത്യമായി തന്നെയാവും പരിഗണിക്കുക. ഉത്തരവ് ലംഘിച്ച് ആരെങ്കിലും പിടിക്കപ്പെട്ടാല്‍, ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 188 (പൊതുസേവകന്‍ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്) പ്രകാരം കേസെടുക്കുമെന്ന് വിജ്ഞാപനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.


സെല്‍ഫിയെടുക്കുന്നത് മാത്രമല്ല മഴക്കാലത്ത് കുളിക്കാനോ വസ്ത്രങ്ങള്‍ കഴുകാനോ പ്രദേശവാസികള്‍ ഏതെങ്കിലും നദിയിലേക്കോ ജലാശയങ്ങളിലേക്കോ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ധാരാളമുള്ള പ്രദേശത്ത് അപകടങ്ങള്‍ വര്‍ധിക്കുന്നതാണ് നിരോധന ഉത്തരവിനു കാരണം.




Tags:    

Similar News