കല്‍പകഞ്ചേരിക്കാരുമായി 'ഒരുമ' ചാര്‍ട്ടേഡ് വിമാനം ഇന്ന് കരിപ്പൂരിലെത്തും

Update: 2020-06-19 08:15 GMT

മലപ്പുറം: കൊറോണ കാരണം ഗള്‍ഫില്‍ നിന്നും നാട്ടിലെത്താന്‍ പ്രയാസപ്പെടുന്ന കല്‍പകഞ്ചേരിക്കാര്‍ക്കായി 'ഒരുമ കല്‍പകഞ്ചേരി'യുടെ ചാര്‍ട്ടേഡ് വിമാനം ഇന്ന് രാത്രി കരിപ്പൂരിലെത്തും. 185 യാത്രക്കാരുമായെത്തുന്ന വിമാനത്തില്‍ തിരൂര്‍ മുനിസിപ്പാലിറ്റി, ചെറിയമുണ്ടം, വളവന്നൂര്‍, ആതവനാട് പഞ്ചായത്തുകളിലെയും ഏതാനും യാത്രക്കാരുമുണ്ട്. രാത്രിയോടെ കരിപ്പൂരിലെത്തുന്ന പ്രവാസികളെ പ്രത്യേക വാഹനങ്ങളില്‍ നാട്ടിലെത്തിക്കും. വീട്ടില്‍ നിരീക്ഷണ സൗകര്യമില്ലാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യം പഞ്ചായത്ത് ഒരുക്കും. 

കല്‍പകഞ്ചേരിയുടെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്ക് ദുബയ്‌ ആസ്ഥാനമായി പരേതനായ എ പി അസ്‌ലം തുടങ്ങിയതാണ് 'ഒരുമ കല്‍പകഞ്ചേരി'. കല്‍പകഞ്ചേരിക്കാരുടെ പൊതുവേദിയായ ഒരുമ നാട്ടിലും, ഗള്‍ഫിലുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. കൊറോണ പ്രതിസന്ധി സമയത്ത് പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളില്‍ തണല്‍ കല്‍പകഞ്ചേരിയുടെ സഹകരണത്തോടെ ഭക്ഷണ കിറ്റുകള്‍ എത്തിച്ചു നല്‍കിയിരുന്നു. എ പി ഷംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍, ഡോ.സി അന്‍വര്‍ അമീന്‍, ബഷീര്‍ പടിയത്ത്, മയ്യേരി അബ്ദുല്‍ വാഹിദ്, സിദ്ധീഖ് കാലൊടി, എന്നിവരുടെ നേതൃത്വത്തിലാണ് ഒരുമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 


Tags: