'മഞ്ഞപ്പടയുടെ കടുത്ത ആരാധകന്‍'; 2026 ഫിഫ ലോകകപ്പിന് ആശംസയുമായി വി ശിവന്‍കുട്ടി
തിരുവനന്തപുരം: 2026 ലോകകപ്പിന് ആശംസയുമായി മന്ത്രി വി ശിവന്‍കുട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ ആശംസ. മഞ്ഞപ്പടയുടെ കടുത്ത ആരാധകനാണ് താനെന്ന് മന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി. 2002ന് ശേഷമുള്ള നിരാശകള്‍ക്ക് ഇത്തവണ യുഎസ്എയില്‍ ബ്രസീല്‍ മറുപടി നല്‍കുമെന്നും മന്ത്രി പറയുന്നു.
ജൂണ്‍ 11നാണ് 2026 ഫിഫ ലോകകപ്പിന് തുടക്കം. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണ് ഇക്കുറിയിലേതെന്ന പ്രത്യേകതയുമുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആകാശം തയ്യാര്‍; ആറാം കിരീടമെന്ന സ്വപ്നത്തിലേക്ക്...
2026 ലോകകപ്പിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. 2002-ലെ ആ സുവര്‍ണ്ണ നേട്ടത്തിന് ശേഷം, ലോകവേദിയില്‍ ലഭിക്കാതെ പോയ ആ അംഗീകാരം തിരിച്ചുപിടിക്കാന്‍ ഇത്തവണ ബ്രസീല്‍ ഇറങ്ങുകയാണ്. മഞ്ഞപ്പടയുടെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ വലിയ പ്രതീക്ഷയിലാണ് ഞാനും.
ഇത്തവണത്തെ പോരാട്ടങ്ങള്‍ അത്ര നിസ്സാരമല്ല. ജൂണ്‍ 13-ന് കരുത്തരായ മൊറോക്കോ ക്കെതിരെയാണ് ആദ്യ മത്സരം. തുടര്‍ന്ന് ഹെയ്തിയും, സ്‌കോട്ട്ലന്‍ഡും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് ആധികാരികമായി തന്നെ ബ്രസീല്‍ മുന്നേറുമെന്ന് ഉറപ്പാണ്.
മാസ്റ്റര്‍ ടാക്റ്റീഷ്യന്‍ കാര്‍ലോ ആന്‍സലോട്ടി യുടെ കീഴിലാണ് ഇത്തവണ 'സെലക്കാവോ' പടയൊരുക്കം നടത്തുന്നത്. അദ്ദേഹത്തിന്റെ തന്ത്രങ്ങളും ബ്രസീല്‍ താരങ്ങളുടെ പ്രതിഭയും അമേരിക്കന്‍ മൈതാനങ്ങളില്‍ അത്ഭുതം സൃഷ്ടിക്കും. 2002-ന് ശേഷമുള്ള നിരാശകള്‍ക്ക് ഇത്തവണ യുഎസ്എയില്‍ ബ്രസീല്‍ മറുപടി നല്‍കും.
ഇനിയങ്ങോട്ട് ആവേശത്തിന്റെ നാളുകളാണ്. കാനറികള്‍ പറന്നുയരട്ടെ... ലക്ഷ്യം ആറാം കിരീടം മാത്രം..
