അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 874 കുട്ടികള്‍

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവരും അംഗവൈകല്യമുള്ളവരുമായവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ആണ്‍കുട്ടികളാണ്. 2017 നും 2019 നും ഇടയില്‍ സ്‌കൂളുകളില്‍ 300ലധികം ആക്രമണങ്ങള്‍ നടന്നതായി സേവ് ദി ചില്‍ഡ്രന്‍ പറഞ്ഞു.

Update: 2020-11-24 01:28 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം മാത്രം 874 കുട്ടികള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ജനീവ ആസ്ഥാനമായുള്ള സംഘടന കണ്ടെത്തി. 2005 മുതല്‍ 2019 വരെ 26,025 കുട്ടികള്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഇതു പ്രകാരം ഒരു ദിവസം 5 കുട്ടികള്‍ എന്ന കണക്കിലാണ് അഫ്ഗാനില്‍ കൊല്ലപ്പെടുകയോ അപകടകരമായ തരത്തില്‍ പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്യുന്നത്. ലോകത്ത് കുട്ടികള്‍ക്ക് ഏറ്റവും അപകടകരമായ 11 രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാനെന്നും 'സേവ് ദ ചില്‍ഡ്രന്‍' സംഘടന പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവരും അംഗവൈകല്യമുള്ളവരുമായവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ആണ്‍കുട്ടികളാണ്. 2017 നും 2019 നും ഇടയില്‍ സ്‌കൂളുകളില്‍ 300ലധികം ആക്രമണങ്ങള്‍ നടന്നതായി സേവ് ദി ചില്‍ഡ്രന്‍ പറഞ്ഞു. താലിബാനും മറ്റ് സായുധ സംഘങ്ങളും ആക്രമണങ്ങള്‍ക്ക് വിദ്യാലയങ്ങളെ കരുവാക്കുന്നതായും യുഎസ് പിന്തുണയുള്ള സര്‍ക്കാര്‍ സേനയുടെ പ്രത്യാക്രമണങ്ങളില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതായും 'സേവ് ദ ചില്‍ഡ്രന്‍' വ്യക്തമാക്കി. 'നിങ്ങളുടെ കുട്ടി ചാവേര്‍ ആക്രമണത്തിലോ വ്യോമാക്രമണത്തിലോ കൊല്ലപ്പെടും എന്ന നിരന്തരമായ ഭയത്തോടെ ജീവിക്കുന്നത് സങ്കല്‍പ്പിക്കുക. പതിനായിരക്കണക്കിന് അഫ്ഗാന്‍ രക്ഷകര്‍ത്താക്കളുടെ കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതിന്റെ ഭയാനകമായ യാഥാര്‍ത്ഥ്യമാണിത്,' സേവ് ദ ചില്‍ഡ്രന്റെ ക്രിസ് നയമാണ്ടി പറഞ്ഞു.

ജനീവയില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന 2020 ലെ അഫ്ഗാനിസ്ഥാന്‍ സമ്മേളനത്തിന് മുന്നോടിയായി, ധനസഹായം വര്‍ദ്ധിപ്പിച്ച് അഫ്ഗാന്‍ കുട്ടികളുടെ ഭാവി സംരക്ഷിക്കാന്‍ 'സേവ് ദ ചില്‍ഡ്രന്‍' അഭ്യര്‍ത്ഥിച്ചു. ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും 'സേവ് ദ ചില്‍ഡ്രന്‍' ആവശ്യപ്പെട്ടു.

Tags:    

Similar News