80:20 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതി വിധി; നിയമനിര്‍മാണം അനിവാര്യമെന്ന് മുസ് ലിം സംഘടനകള്‍

Update: 2021-06-20 11:19 GMT

കോഴിക്കോട്: സച്ചാര്‍ - പാലൊളി കമ്മറ്റി ശുപാര്‍കളെ തുടര്‍ന്ന് 2011 മുതല്‍ കേരളത്തില്‍ നടപ്പാക്കിവന്നിരുന്ന മുസ് ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഹിതം മുസ് ലിം, പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങക്ക് 80:20 അനുപാതം നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാവണമെന്ന് മുസ് ലിം സംഘടനകള്‍. കഴിഞ്ഞ ദിവസം മെക്ക വിളിച്ചുചേര്‍ത്ത വെബിനാറിലാണ് സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഭാവിയില്‍ കോടതി വ്യവഹാരങ്ങള്‍ക്കു ഇടവരാത്ത വിധം സമഗ്രവും സമ്പൂര്‍ണവും കുറ്റമറ്റതുമായ നിയമ നിര്‍മ്മാണം നടത്തണം. ജൂലൈ -ആഗസ്റ്റ് മാസങ്ങളില്‍ ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ 'ന്യൂനപക്ഷ ക്ഷേമവികസന നയം ' വ്യക്തമാക്കുന്ന പ്രായോഗികവും സുതാര്യവുമായ നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ സന്നദ്ധമാവണമെന്നും വെബിനാര്‍ ആവശ്യപ്പെട്ടു.

സച്ചാര്‍ - പാലൊളി കമ്മറ്റി ശുപാര്‍ശകള്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകളും ക്ഷേമപദ്ധതികളും ബജറ്റ് വിഹിതവും നൂറു ശതമാനവും മുസ് ലിംകള്‍ക്ക് മാത്രമായി ഉറപ്പുവരുത്തണം. പാലൊളി കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും അടിയന്തിരമായി നടപ്പിലാക്കണം. 2016 ലും 2021 ലും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പാലൊളി കമ്മറ്റി ശുപാര്‍ശകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി വാഗ്ദാനം പാലിക്കണം. ഹൈക്കോടതി വിധി, നാമമാത്രമായ സ്‌കോളര്‍ ഷിപ്പ് വിഷയമായി മാത്രം കാണരുതെന്നും യോഗം സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു.

മുസ് ലിംകളുടെ പിന്നാക്കാവസ്ഥ, വിദ്യാഭ്യാസം. ക്ഷേമം, തൊഴില്‍ - ആരോഗ്യ രംഗത്തെ സ്ഥിതി എന്നിവ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുവാന്‍, കോശി കമ്മീഷന്‍ മാതൃകയില്‍ ഒരു കമ്മീഷനെ അടിയന്തിരമായി നിയമിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോശി കമ്മീഷന്റെ സമാനമായ അന്വേഷണ വിഷയങ്ങളും കാലാവധിയും നിശ്ചയിക്കണം. കേരളത്തില്‍ നിലവിലുള്ള 28 ശതമാനത്തിലധികം വരുന്ന മുസ് ലിംകളില്‍ ജെ. ബി. കോശി കമ്മീഷനംഗങ്ങളുടെയും ചെയര്‍മാന്റെയും യോഗ്യതയും പദവിയും അലങ്കരിച്ചിരുന്നവര്‍ ഇല്ല എന്നത് ദാരുണമാണെന്നും ഇത്തരമൊരു കമ്മീഷനെ നിയമിക്കാന്‍ യോഗ്യരെ തേടിപ്പിടിക്കാന്‍ പോലും സര്‍ക്കാരിന് സാധ്യമാവില്ലയെന്നും മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ അലി ആ മുഖ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

പ്രസിഡന്റ് പ്രൊഫ: ഇ. അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.പി. നസീര്‍ മോഡറേറ്ററായി. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, അഡ്വ: എ.എം.ആരിഫ്, മൂന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിമാരായിരുന്ന ഇപ്പോഴത്തെ എം.എല്‍ മാര്‍ ഡോ.കെ.ടി ജലീല്‍, മഞ്ഞളാംകുഴി അലി, മുന്‍ മന്ത്രി കുട്ടി അഹമദ് കുട്ടി, ഡോ.ഹുസൈന്‍ മടവൂര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ഡോ. ബദീഉസ്സമാന്‍, ഡോ.എന്‍.എ എം അബ്ദുല്‍ ഖാദര്‍,മുസ്തഫ മുണ്ടുപാറ, സി.ടി സക്കീര്‍ ഹുസൈന്‍, എഞ്ചിനീയര്‍ മുഹമ്മദ് കോയ , വി.എച്ച് അലിയാര്‍ അല്‍ ഖാസ്മി, കാസിം ഇരിക്കൂര്‍, സജീദ് ഖാലിദ്,എം.എച്ച് ഷാജി, ഉസ്മാന്‍ പെരുമ്പിലാവ്, മൂവാറ്റുപുഴ അഷറഫ് മൗലവി, എസ്. നിസാര്‍, ചുനക്കര ഹനീഫ, കടയ്ക്കല്‍ ജുനൈദ്, എം. തമീ മുദ്ധീന്‍ , ടി.സി. ലത്തീഫ്, വി.എം. അലിയാര്‍, അന്‍വര്‍ സാദത്ത്, അഡ്വ. ഓണം പള്ളി മുഹമ്മദ് ഫൈസി, ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്, അജ്മല്‍ ഇസ്മയില്‍, നുജൂം, ഫായിസ് മുഹമ്മദ് തുടങ്ങി വിവിധ നേതാക്കള്‍ സംസാരിച്ചു.

Tags: