2026ന്റെ ആദ്യ പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഡല്‍ഹിയില്‍ നിന്ന് കാണാതായത് 800 പേരെ, റിപോര്‍ട്ട്
ന്യൂഡല്‍ഹി: 2026ന്റെ ആദ്യ പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഡല്‍ഹിയില്‍ നിന്ന് കാണാതായത് 800 പേരെയെന്ന് റിപോര്‍ട്ട്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വിട്ടത്. ജനുവരി ഒന്നു മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഏകദേശം 807 മിസ്സിങ് കേസുകളാണ് ഡല്‍ഹി പോലിസില്‍ രജിസ്റ്റര്‍ ചെയ്തത്. ഏകദേശം 54 പേരെ വച്ച് ഒരു ദിവസം കാണാതാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ തന്നെ 509 സ്ത്രീകളും 298 പുരുഷന്‍മാരും ഉണ്ടെന്നാണ് കണക്ക്.
കാണാതാകുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ജനുവരിയില്‍ മാത്രം പ്രായപൂര്‍ത്തിയാകാത്ത 191 പേരെ കാണാതായിട്ടുണ്ട്. ഇതില്‍തന്നെ കൂടുതലും കാണാതയത് പെണ്‍കുട്ടികളെയാണ്. കാണാതായവരില്‍ വളരെ കുറച്ചു പേരെ മാത്രമേ പോലിസിന് കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടുള്ളു.
ജനുവരി ആദ്യവാരത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കാണാതായ പ്രായപൂര്‍ത്തിയായവരുടെ കണക്കുകള്‍ ഭീതികരമാണ്. ഏകദേശം 600 ഓളം പേരെ കാണാതായി. ഇതില്‍ തന്നെ ഏകദേശം 363 സ്ത്രീകളും 253 പുരുഷന്‍മാരും ഉണ്ടെന്നാണ് റിപോര്‍ട്ട്.
ഇനിരവധി ആളുകളെയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യതലസ്ഥാനത്ത് കാണാതായത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ , 2,32,737 പേരെ ഡല്‍ഹിയില്‍ നിന്നു കാണാതായിട്ടുണ്ട്. ഇതില്‍ തന്നെ ഏകദേശം 1.8 ലക്ഷം പേരെ കണ്ടെത്തിയെങ്കിലും 52,000 കേസുകള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. കൗമാരക്കാരാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യത നേരിടുന്നത്. 2016 മുതല്‍ എല്ലാ വര്‍ഷവും ശരാശരി 5,000-ത്തിലധികം പേരെയാണ് കാണാതാവുന്നത്.
കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക നീക്കമായ ഓപ്പറേഷന്‍ മിലാപ്പിന് കീഴില്‍, സൗത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് പോലിസ് ജനുവരിയില്‍ 75 വ്യക്തികളെ കണ്ടെത്തി. ഇതില്‍ കാണാതായതോ തട്ടിക്കൊണ്ടുപോയതോ ആയ 28 കുട്ടികളും 47 മുതിര്‍ന്നവരും ഉള്‍പ്പെടുന്നു.
