'ജയിലിലടച്ചത് 700 സാധാരണക്കാരെ'; അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി

Update: 2021-10-23 15:23 GMT
ജയിലിലടച്ചത് 700 സാധാരണക്കാരെ; അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മുഹ്ബൂബ മുഫ്തി. മന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി 700ഓളം പൗരന്മാരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തതെന്നും മുഫ്തി ആരോപിച്ചു. ഇതില്‍ തന്നെ പലരെയും പിഎസ്എയും മറ്റ് കടുത്ത വകുപ്പുകളും ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലിസിന്റെ നടപടികള്‍ സംസ്ഥാനത്തെ മുറുകിയ അന്തരീക്ഷം കൂടുതല്‍ കലുഷമാക്കിയതായി അവര്‍ പറഞ്ഞു.

കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി ജനങ്ങളില്‍ ആശ്വാസവും ആത്മവിശ്വാസവും വളര്‍ത്തുന്നുന്നതിനു പകരം കടുത്ത നിയന്ത്രണങ്ങളും അറസ്റ്റും പോലിസ് നിരീക്ഷണവും ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഫ്തി പറഞ്ഞു.

കശ്മീരില്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളവും മെഡിക്കല്‍ കോളജ് ശിലാസ്ഥാപനവും മുന്‍ യുപിഎ സര്‍ക്കാര്‍ അനുവദിച്ചതാണ്. അതാണിപ്പോള്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്നത്. അനുച്ഛേദം 370 പിന്‍വലിച്ചശേഷം സംസ്ഥാനത്ത് പ്രശ്‌നങ്ങളും പ്രതിസന്ധികളും വര്‍ധിച്ചിരിക്കുകയാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ജനങ്ങളിലേക്ക് എത്തുന്നതിനു പകരം കേന്ദ്ര സര്‍ക്കാര്‍ ചില മുഖംമിനുക്കല്‍ നടപടികളിലൂടെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും അവര്‍ വിമര്‍ശിച്ചു. 

Tags:    

Similar News