65 കിലോമീറ്റര്‍ കാല്‍നടയാത്ര; അധ്യാപക നിയമനം ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം
ഇറ്റാനഗര്‍: അധ്യാപക ക്ഷാമം ചൂണ്ടിക്കാട്ടി കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ 90ഓളം വിദ്യാര്‍ഥികള്‍ 65 കിലോമീറ്റര്‍ കാല്‍നടയാത്ര നടത്തി. നാങ്യാനോ ഗ്രാമത്തില്‍ നിന്ന് സ്‌കൂള്‍ യൂണിഫോമിട്ട് കുടയും ബാഗും പിടിച്ച് തുടങ്ങിയ യാത്ര ജില്ല ആസ്ഥാനമായ ലെമ്മിയില്‍ എത്തി.
''അധ്യാപകനില്ലാത്ത സ്‌കൂള്‍ വെറും കെട്ടിടം'' എന്നെഴുതിയ പോസ്റ്ററുമായി മുദ്രാവാക്യം വിളിച്ചാണ് കുട്ടികള്‍ പ്രതിഷേധിച്ചത്. 11, 12 ക്ലാസുകളില്‍ ഭൂമിശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരെ നിയമിക്കണമെന്നതാണ് ആവശ്യം. പ്രകടനത്തെത്തുടര്‍ന്ന് അധ്യാപകരെ നിയമിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂളില്‍ മറ്റു വിഷയങ്ങള്‍ക്ക് മതിയായ അധ്യാപകരുണ്ടെന്നും, ഭൂമിശാസ്ത്രവും പൊളിറ്റിക്കല്‍ സയന്‍സും മാത്രമാണ് ഒഴിവുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.
2011-12ല്‍ സ്ഥാപിച്ച സ്‌കൂള്‍ കൈകാര്യം ചെയ്യുന്നത് സെയ് ദോണി ചാരിറ്റബിള്‍ ട്രസ്റ്റാണ്. നിലവില്‍ 90ലധികം വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍ പ്രധാന അധ്യാപിക, വാര്‍ഡന്‍, 13 അധ്യാപകര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ മാസം സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി രണ്ട് അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.