64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; 'എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ നല്‍കും'- വി ശിവന്‍കുട്ടി

ജനുവരി ഏഴുമുതല്‍ 11 വരെ തൃശൂരിലാണ് കലോല്‍സവം നടക്കുന്നത്

Update: 2025-09-27 12:30 GMT

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്‍ഡായി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. 64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2026 ജനുവരി ഏഴുമുതല്‍ 11 വരെ തൃശൂരില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ഥികള്‍ 249 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കും.

ജനപങ്കാളിത്തത്തോടെ പരാതിയില്ലാതെ കലോല്‍സവം സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവ കൃത്യമായി സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും കലോത്സവം നടത്തുക. സര്‍ക്കാര്‍ അനുവദിച്ച ബഡ്ജറ്റിന് പുറമെ, സ്‌പോണ്‍സര്‍മാരെ കണ്ടെത്തി മേള കൂടുതല്‍ വര്‍ണാഭമാക്കാന്‍ എല്ലാ സബ് കമ്മിറ്റികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

കലോല്‍സവത്തിലെ സ്വര്‍ണക്കപ്പ് തൃശൂരിലായതിനാല്‍, ഘോഷയാത്ര തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡ് നിന്നും തൃശൂരിലേക്കെത്തുന്ന വിധത്തിലാണ് ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ കായികമേളയില്‍ ഇത്തവണ പരിഷ്‌കരിച്ച മാനുവലില്‍ നടക്കുമെന്നും കളരിപ്പയറ്റ് മല്‍സരത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: