വിമാനയാത്രക്കാര്‍ക്ക് ഇളവ്; 60 ശതമാനം സീറ്റുകള്‍ ഇനി സൗജന്യമായി തിരഞ്ഞെടുക്കാം
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ണായക തീരുമാനവുമായി രംഗത്തെത്തി. ഇനി മുതല്‍ ഓരോ വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകള്‍ യാത്രക്കാര്‍ക്ക് അധിക ചാര്‍ജില്ലാതെ തിരഞ്ഞെടുക്കാന്‍ സൗകര്യം ഒരുക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
ഇതോടെ, ചെക്കിന്‍ സമയത്ത് സൗജന്യമായി ലഭിക്കുന്ന സീറ്റുകളുടെ പരിമിതിയില്‍ വലിയ മാറ്റമാണ് വരുന്നത്. മുന്‍പ് ചില സീറ്റുകള്‍ മാത്രമായിരുന്നു സൗജന്യമായി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നത്. കുടുംബങ്ങളുടെയും യാത്രക്കാരുടെയും പരാതികള്‍ പരിഗണിച്ച്, ഒരേ പിഎന്‍ആറില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരുമിച്ച് സീറ്റുകള്‍ അനുവദിക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു. ഇതോടെ, യാത്രക്കാര്‍ക്ക് വ്യത്യസ്ത സീറ്റുകളില്‍ ഇരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് വിലയിരുത്തല്‍.
വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വെബ്‌സൈറ്റുകളിലൂടെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു. യാത്രക്കാരുടെ അവകാശങ്ങള്‍ കൂടുതല്‍ വ്യക്തമായി അറിയിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ലഭിക്കേണ്ട നഷ്ടപരിഹാരവും സൗകര്യങ്ങളും കൃത്യമായി നല്‍കണമെന്ന് കര്‍ശനമായി നിര്‍ദേശിച്ചു. വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പെടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശം വ്യക്തമാക്കുന്നു.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാകുന്നതോടെ, വിമാനയാത്ര കൂടുതല്‍ സൗകര്യപ്രദവും ഉപഭോക്തൃസൗഹൃദവുമായ അനുഭവമാകും എന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
