വ്യാജമദ്യം കുടിച്ച് യുപിയില്‍ 6 പേര്‍ മരിച്ചു

Update: 2022-01-26 06:57 GMT

ലഖ്‌നോ; യുപിയിലെ മഹാരാജ്ഗഞ്ച് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പഹാദ്പൂരില്‍ വ്യാജമദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ദാരുണമായ സംഭവം നടന്നത്. ഇതേ മദ്യം കുടിച്ച 20ഓളം പേര്‍ വിവിധ ആശുപത്രികളിലുണ്ട്.

ജില്ലാ മജിസ്‌ട്രേറ്റ് വൈഭവ് ശ്രീവാസ്തവ, എസ് പി ശ്‌ലോക് കുമാര്‍ എന്നിവര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

ബന്‍സിലാല്‍ (60), സുഖ്‌റാനി (65), സരോജ് യാദവ് (40), രാം സുമര്‍ (45) എന്നിങ്ങനെ മരിച്ചവരില്‍ നാല് പേരെ തിരിച്ചറഞ്ഞു. മൃതദേഹം പ്രാഥമിക പരിശോധനക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ഗ്രാമത്തിലുണ്ടായ ഒരു വിവാഹാഘോഷത്തില്‍ വിതരണം ചെയ്ത മദ്യമാണ് അപകടത്തിന് കാരണമായതെന്ന് പോലിസ് പറയുന്നു.

Tags: