ന്യൂഡല്‍ഹി: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആറ് ഇന്ത്യന്‍ തടവുകാര്‍ പാകിസ്താന്‍ ജയിലില്‍ മരിച്ചതായി വിദേശകാര്യമന്ത്രാലയം. മരിച്ചവരില്‍ അഞ്ച് പേര്‍ മല്‍സ്യത്തൊഴിലാളികളാണ്. മരിച്ച തൊഴിലാളികള്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരാണെന്നും അവരെ നിയമവിരുദ്ധമായി പാകിസ്താന്‍ തടങ്കലിലാക്കിയതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അടുത്ത കാലത്തായി മല്‍സ്യത്തൊഴിലാളികളുടെ മരണസംഖ്യയില്‍ വര്‍ധനവുണ്ട്. ഇത്തരം സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും വിഷയം ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനെയും അറിയിച്ചതായും ബാഗ്ചി പറഞ്ഞു.
സ്ഥിതി ഭയാനകമാണ്. മരിച്ചവരെല്ലാം ശിക്ഷ പൂര്‍ത്തിയാക്കിയതാണ്. ആ രാജ്യത്തെ തടവുകാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പാകിസ്താന്റെ ഉത്തരവാദിത്തമാണ്. എല്ലാ ഇന്ത്യന്‍ തടവുകാരെയും ഉടന്‍ മോചിപ്പിക്കാനും തിരിച്ചയക്കാനും പാകിസ്താന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായും ബാഗ്ചി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ- പാക് സമുദ്രാതിര്‍ത്തിയില്‍ ആറ് മല്‍സ്യത്തൊഴിലാളികളെ രക്ഷിച്ചെന്ന പാക് അധികൃതരുടെ അവകാശവാദത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
കഴിഞ്ഞ വ്യാഴാഴ്ച കടലില്‍ അകപ്പെട്ട ആറ് മല്‍സ്യത്തൊഴിലാളികളെ പാക് സെക്യൂരിറ്റി ഏജന്‍സിയുടെ കപ്പല്‍ പട്രോളിങ് നടത്തുന്നതിനിടെ രക്ഷപ്പെടുത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറിയിരുന്നു. ജനുവരിയില്‍ 50 വയസ്സുകാരനായ ജയന്തി സൊളാങ്കി പാക് തടവില്‍ മരിച്ചിരുന്നു. മല്‍സ്യത്തൊഴിലാളിയായ ഇദ്ദേഹത്തെ പാക് അധികൃതര്‍ കടലില്‍ വച്ചാണ് പിടികൂടിയത്. ജൂലൈയില്‍ സമാനമായ സാഹചര്യത്തില്‍ പിടിയിലായ കാലു ഷിയാല്‍ എന്ന 38കാരനും പാക് തടവില്‍ ജീവന്‍ നഷ്ടമായി. ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് വാഗാ അതിര്‍ത്തിയില്‍വച്ച് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.
ശിക്ഷ പൂര്‍ത്തിയാക്കിയ 536 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെയും മൂന്ന് ഇന്ത്യന്‍ സിവിലിയന്‍ തടവുകാരെയും വിട്ടയക്കുന്ന നടപടി വേഗത്തിലാക്കാന്‍ ഇന്ത്യ നേരത്തെ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പാകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരെന്ന് കരുതുന്ന ശേഷിക്കുന്ന 105 മല്‍സ്യത്തൊഴിലാളികള്‍ക്കും 20 സിവിലിയന്‍ തടവുകാര്‍ക്കും ഉടന്‍ കോണ്‍സുലര്‍ പ്രവേശനം നല്‍കാനും പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
