'വീട്ടില്‍ വോട്ട്'; രണ്ടു ദിവസത്തില്‍ 52,511 പേര്‍ വോട്ട് രേഖപ്പെടുത്തി

Update: 2026-04-01 05:12 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കുമായി ഒരുക്കിയ 'വീട്ടില്‍ വോട്ട്' സംവിധാനം സംസ്ഥാനത്ത് പുരോഗമിക്കുന്നു. മുന്‍കൂട്ടി അപേക്ഷ നല്‍കിയവരുടെ വീടുകളിലെത്തിയാണ് പോളിങ് ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്തുന്നത്. രണ്ടാം ദിനത്തില്‍ മാത്രം 23,171 പേര്‍ വോട്ട് ചെയ്തതോടെ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 52,511 ആയി.

പോളിങ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രത്യേക മൊബൈല്‍ സംഘമാണ് വോട്ടര്‍മാരുടെ വീടുകളിലെത്തുന്നത്. അതേസമയം, അവശ്യ സര്‍വീസ് ജീവനക്കാര്‍ പരിശീലന കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യുന്നു. വോട്ടെടുപ്പ് പ്രക്രിയയില്‍ രഹസ്യതയും സുരക്ഷയും കര്‍ശനമായി പാലിച്ചാണ് നടപടി. സംസ്ഥാനത്ത് ആകെ 2,40,732 വോട്ടര്‍മാര്‍ക്കാണ് 'ഹോം വോട്ടിന്' അര്‍ഹതയുള്ളത്.

Tags: