സെര്‍ബിയയില്‍ അമോണിയയുമായി വന്ന ട്രെയിന്‍ പാളം തെറ്റി; വിഷവാതകം ശ്വസിച്ച് 51 പേര്‍ ആശുപത്രിയില്‍

Update: 2022-12-26 05:41 GMT

ബെല്‍ഗ്രേഡ്: തെക്കുകിഴക്കന്‍ സെര്‍ബിയയില്‍ അമോണിയ കയറ്റി വന്ന ട്രെയിന്‍ പാളം തെറ്റി. വിഷവാതകം ശ്വസിച്ച് 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമോണിയ ചോര്‍ച്ചയാണ് വിഷബാധയ്ക്ക് കാരണമായതെന്ന് അപകടം നടന്ന പിറോട്ട് നഗരത്തിന്റെ മേയര്‍ വ്‌ലാദന്‍ വാസിക് പറഞ്ഞു. വിഷവാതകം ശ്വസിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാസിക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ട്രെയിന്‍ പാളം തെറ്റിയത്.

അമോണിയ വലിയ അളവില്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ചെയ്തായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അപകടം നടന്ന പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 60,000 പേര്‍ താമസിക്കുന്ന നഗരത്തിലാണ് അപകടം നടന്നത്. പ്രദേശവാസികളോട് അവരവരുടെ വീടുകളില്‍തന്നെ തുടരാന്‍ അധികാരികള്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 20 ബോഗികളുള്ള ട്രെയിന്‍ അയല്‍രാജ്യമായ ബള്‍ഗേറിയയില്‍ നിന്ന് അമോണിയയുമായി വരികയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. പാളം തെറ്റിയതിന്റെ പേരില്‍ മറ്റ് ആളപായമൊന്നുമുണ്ടായിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News