500 വീടുകളില്‍ ഹോം ലൈബ്രറിക്ക് തുടക്കമായി

ഹോം ലൈബ്രറിയെന്ന ആശയം പിടിഎയാണ് ആദ്യം മുന്നോട്ടു വച്ചത്.

Update: 2019-11-29 05:04 GMT

അരീക്കോട്: വായനാശീലം വര്‍ധിപ്പിക്കാനായി വീടുകളില്‍ കുട്ടികള്‍ക്കായി ലൈബ്രറിയൊരുക്കുന്നു. തെരട്ടമ്മല്‍ എഎംയുപി സ്‌കൂളിന്റെ ജനകീയ സംരംഭമാണിതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന പ്രധാന അധ്യാപകന്‍ സലിം തോട്ടത്തില്‍ പറഞ്ഞു. ഹോം ലൈബ്രറിയെന്ന ആശയം പിടിഎയാണ് ആദ്യം മുന്നോട്ടു വച്ചത്. സ്‌കൂളിലെ അധ്യാപകരും പിടിഎ കമ്മറ്റി അംഗങ്ങളും ആശയത്തോട് ക്രിയാത്മകമായി പ്രതികരിച്ചതോടെ പദ്ധതി സാക്ഷാത്കരിക്കാന്‍ പിന്നെ വൈകിയില്ല.

ആദ്യം മറ്റ് വീടുകളില്‍ അധികമായുള്ള പുസ്തകങ്ങള്‍ കുട്ടികളുടെ മുന്‍കൈയില്‍ ശേഖരിച്ചു. അവര്‍ തന്നെ അത് ആവശ്യമായ വീടുകളില്‍ എത്തിച്ചു. തോരണം തൂക്കി ആഘോഷമായി ഉദ്ഘാടവും നടത്തി. വീട്ടിനടുത്തുള്ള പോലിസ് ഉദ്യോഗസ്ഥരും പ്രായമായവരുമൊക്കെയാണ് പലയിടത്തും ഉദ്ഘാടനം നടത്തിയത്. അതിന്റെ ഫോട്ടോ കുട്ടികള്‍ തന്നെ സ്‌കൂളിലെത്തിച്ചു.

കുട്ടികളും രക്ഷിതാക്കളും വലിയ ആഘോഷത്തോടെ ഏറ്റെടുത്ത സംരംഭത്തിന് വലിയ പ്രോല്‍സാഹനമാണ് ലഭിച്ചത്. കുട്ടികളുടെ പുസ്തക ശേഖരണത്തിലേക്ക് പലരും തങ്ങളുടെ കൈയിലുള്ള പുസ്തകങ്ങള്‍ നല്‍കി. പദ്ധതിക്ക് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ പിന്തുണയുണ്ട്. പിടിഎ പ്രസിഡന്റ് ടിപി അന്‍വറും അധ്യാപകര്‍ക്ക് ഒപ്പം തന്നെയുണ്ട്.

Tags: