ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് 50 ശതമാനം താരിഫ്; മെക്‌സിക്കോ സെനറ്റ് അംഗീകാരം നല്‍കി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും യുഎസിനും പിന്നാലെ ഏഷ്യയിലെ നിരവധി രാജ്യങ്ങള്‍ക്ക് മേല്‍ 50 ശതമാനം ഇറക്കുമതി താരിഫ് ചുമത്താനുള്ള തീരുമാനത്തിന് മെക്‌സിക്കോ സെനറ്റ് അംഗീകാരം നല്‍കി. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തീരുവ വര്‍ധന ചൈന, ഉത്തരകൊറിയ, തായ്‌ലാന്‍ഡ്, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളെയും ബാധിക്കും.
മെക്‌സിക്കോയുമായി ഔദ്യോഗിക വ്യാപാര കരാര്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍, വാഹന ഭാഗങ്ങള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, സ്റ്റീല്‍ തുടങ്ങിയവയ്ക്കുമേല്‍ 50 ശതമാനം അധിക തീരുവ ചുമത്താനാണ് തീരുമാനം. ആഭ്യന്തര ഉല്‍പ്പാദനത്തെ പ്രോല്‍സാഹിപ്പിക്കാനും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 33,910 കോടി രൂപയുടെ അധിക വരുമാനം നേടാനും ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. എന്നാല്‍ യുഎസ്-മെക്‌സിക്കോ-കാനഡ വ്യാപാരകരാര്‍ പുനപരിശോധനയ്ക്ക് മുന്‍പ് ഡോണള്‍ഡ് ട്രംപിനെ തൃപ്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ സ്റ്റീല്‍, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് മെക്‌സിക്കോയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, ഫെന്റനില്‍ കയറ്റുമതി മനപ്പൂര്‍വം തടഞ്ഞുവെന്നാരോപിച്ച് 25 ശതമാനം ലെവി ചുമത്താനുമുള്ള ഭീഷണിയും ഉയര്‍ത്തിയിരുന്നു. അമേരിക്കന്‍ കര്‍ഷകര്‍ക്ക് ആവശ്യമായ ജല വിതരണവുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് അഞ്ചു ശതമാനം താരിഫ് ഭീഷണിയാണ് ഉയര്‍ത്തിയത്.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
മെക്‌സിക്കോയുടെ പുതിയ താരിഫ് നിര്‍ദേശം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 2024ല്‍ ഇന്ത്യ-മെക്‌സിക്കോ വ്യാപാര മൂല്യം 11.7 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യ മെക്‌സിക്കന്‍ കയറ്റുമതിക്കാര്‍ക്ക് ഒന്‍പതാം സ്ഥാനത്തെ പ്രധാന പങ്കാളിയാണ്.
2024ല്‍ ഇന്ത്യയില്‍ നിന്നുള്ള മെക്‌സിക്കോ ഇറക്കുമതി 8.9 ബില്യണ്‍ ഡോളറായപ്പോള്‍, മെക്‌സിക്കോയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2.8 ബില്യണ്‍ ഡോളറായിരുന്നു. ഈ നവീകരിച്ച താരിഫ് സംവിധാനം ഇന്ത്യയുടെ കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ ചെലവും വിപണിയിലെ മല്‍സരം ക്ഷയിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
