മ​ലി​ന​ജ​ലം ജീ​വ​നെ​ടു​ത്ത യു​വാ​വി​ന്റെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം സ​ഹാ​യം

Update: 2024-05-25 06:14 GMT

ബംഗളൂരു: മൈസൂരു സാലുണ്ഡിയില്‍ മാലിന്യം കലര്‍ന്ന കുടിവെള്ളം കുടിച്ചതിനെത്തുടര്‍ന്ന് അസുഖബാധിതനായി മരിച്ച യുവാവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രദേശവാസിയായ കനകരാജുവാണ് (24) മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ചത്. ഗ്രാമത്തിലെ 68 പേര്‍ അസുഖം ബാധിച്ച് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ക്ക് വയറിളക്കം, വയറുവേദന, ഛര്‍ദി തുടങ്ങിയവ അനുഭവപ്പെട്ടത്. തുടര്‍ന്ന് അവശനിലയിലായ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായ കനകരാജു മരിച്ചത്. കനകരാജുവിന്റെ വീട്ടിലെത്തിയ സിദ്ധരാമയ്യ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കനകരാജുവിന്റെ സഹോദരന് ജോലി നല്‍കുമെന്നും അറിയിച്ചു. ഗ്രാമവാസികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

Tags:    

Similar News