452 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ്: അഹമ്മദാബാദിലും മുംബൈയിലുമായി ഒമ്പതിടത്ത് സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: രണ്ട് വ്യത്യസ്ത കേസുകളിലായി ബാങ്കിങ് കണ്‍സോര്‍ഷ്യത്തെ 452.62 കോടിയും 72.55 കോടിയും തട്ടിച്ച രണ്ട് കേസുകളിലായി സിബിഐ അഹമ്മദാബാദിലും മുംബൈയിലുമായി ഒമ്പതിടത്ത് റെയ്ഡ് നടത്തി. സ്വകാര്യ കമ്പനികളുടെ വാണിജ്യസ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയ്ത്.
ആദ്യ കേസ് എസ്ബിഐയാണ് അഹമ്മദാബാദിലെ ഒരു കമ്പനിയുടെ ഡയറക്ടറെയും പേര് പരാമര്‍ശിച്ചിട്ടില്ലാത്ത ഒരു സര്‍ക്കാര്‍ ജീവനക്കാരനെയും പ്രതി ചേര്‍ത്ത് ഫയല്‍ ചെയ്തത്. എസ്ബിഐയെ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തെ ഈ കേസില്‍ 452.62 കോടി രൂപ 2013-17 കാലത്ത് തട്ടിച്ചുവെന്നാണ് പരാതി. അതിനുവേണ്ടി ബാങ്കിന്റെ അക്കൗണ്ട് ബുക്കുകളില്‍ മാറ്റംവരുത്തിയതായും ബാങ്ക് ആരോപിക്കുന്നു.
എസ്ബിഐക്കു പുറമേ, വിജയാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ഏതാനും ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് പണം തട്ടിച്ചത്.
കമ്പനിയുടെ ഓഫിസിലും ഡയറക്ടര്‍മാരുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.