തിരുവനന്തപുരം: നാല്‍പ്പത്തിനാലാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് സമര്‍പ്പണം രാജ്ഭവനില്‍ നടന്നു. ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍, ഗവര്‍ണര്‍ ശ്രി ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. 'ഒരു വെര്‍ജീനിയന്‍ വെയില്‍കാലം' എന്ന കൃതിയാണ് അവാര്‍ഡിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച മനോഹരവും അര്‍ത്ഥപൂര്‍ണവുമായ ശില്പവുമാണ് അവാര്‍ഡ്.
പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ചു വയലാര്‍ ഗാനസന്ധ്യയും നടന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു പരിപാടി. പൊതുവേദി ഒഴിവാക്കി ഫേസ്ബുക്, യൂട്യൂബ് പേജുകളിലൂടെ ഗാനസന്ധ്യ തത്സമയം ആളുകള്‍ക്ക് കാണാനുള്ള അവസരം ഒരുക്കി. രാജ്ഭവനില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ ഗവര്‍ണ്ണര്‍ക്ക് പുറമെ അവാര്‍ഡ് ജേതാവും വയലാര്‍ ട്രസ്റ്റിലെ ചുരുക്കം ചില അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.