446 വനിതാ കോണ്‍സ്റ്റബിള്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി; പാസിംഗ് ഔട്ട് പരേഡ് 22 ന്
തൃശൂര്‍: കേരള പോലിസ് അക്കാദമിയില്‍ 9 മാസത്തെ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 446 വനിതാ പോലിസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള ട്രോഫികളും മുഖ്യമന്ത്രി കൈമാറും. മെയ് 22 ന് രാവിലെ 8 മണിക്ക് അക്കാദമിയുടെ മെയിന്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത്, കേരള പോലിസ് അക്കാദമി ഡയറക്ടര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഐജിപി (പരിശീലനം) കെ പി ഫിലിപ്പ് , അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 2021-22 വര്‍ഷത്തെ 18വേ ആന്റ് 18 ബി ബാച്ചിലെ 446 വനിതാ പോലിസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡാണ് നടക്കുന്നത്. പരിശീലനാര്‍ത്ഥികള്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വിഷയങ്ങളില്‍ സമഗ്രമായ പരിശീലനം നേടിയവരാണ്. ഇന്‍ഡോര്‍ വിഭാഗത്തില്‍ ഐ പി സി, സിആര്‍ പി സി, കേരള പോലിസ് ആക്ട്, ഇന്ത്യന്‍ എവിഡന്‍സ് ആക്ട്, മൈനര്‍ ആക്ട്‌സ് തുടങ്ങിയ റെഗുലര്‍ വിഷയങ്ങള്‍ കൂടാതെ ഇന്ത്യന്‍ ഭരണഘടന, ഇന്‍ഫര്‍മേഷന്‍ ആക്റ്റ്, എന്‍ ഡി പി എസ് ആക്റ്റ്, ലിംഗ ബോധവല്‍ക്കരണം, മനുഷ്യാവകാശങ്ങള്‍, ഭരണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബര്‍ നിയമം, ക്രിമിനോളജി, ബലിയോളജി, ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍ മുതലായവയിലും പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ ഔട്ട്‌ഡോര്‍ വിഭാഗത്തില്‍ പരേഡ്,ശാരീരിക പരിശീലനം, ആയുധ പരിശീലനം, ഫയറിംഗ്, യോഗ, നീന്തല്‍, ഡ്രൈവിംഗ്, ആയോധന കല, സ്വയം പ്രതിരോധം, ദുരന്തനിവാരണം, ഫീല്‍ഡ് എന്‍ജിനീയറിംഗ്, ബോംബ് കണ്ടെത്തലും നിര്‍മാര്‍ജനവും, വിഐപി സുരക്ഷ, ജംഗിള്‍ പരിശീലനം, അഗ്‌നിശമന, ഉയര്‍ന്ന ഉയരത്തിലുള്ള പരിശീലനം, തീവ്രവാദ വിരുദ്ധ പരിശീലനം തുടങ്ങിയവയും നേടിയിട്ടുണ്ട്. തീരദേശ സുരക്ഷയെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം നേവല്‍ ബേസിലും കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചി ആസ്ഥാനത്തുമാണ് നടന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫോറന്‍സിക് മെഡിസിനില്‍ പ്രായോഗിക പരിശീലനം കരസ്ഥമാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തീവ്രവാദ വിരുദ്ധ പരിശീലനവും പ്രത്യേകം രൂപകല്പന ചെയ്ത മൊഡ്യൂളുകളിലൂടെ ശാസ്ത്രീയ അന്വേഷണ രീതികളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും നേടിയിട്ടുണ്ട്. 446 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പരിശീലനം ആരംഭിച്ചത്.
