അഡ്മിഷന്‍ എടുത്ത 50 പേരില്‍ 44ഉം മുസ്ലിം കുട്ടികള്‍; ജമ്മുവിലെ മാതാ വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം

സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

Update: 2026-01-07 09:20 GMT

ശ്രീനഗര്‍: ജമ്മുവിലെ മാതാ വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം. കോളജിലെ എംബിബിഎസ് കോഴ്സിന് അനുമതി നല്‍കി മാസങ്ങള്‍ക്കകമാണ് ഇപ്പോള്‍ അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. 2025-26 അക്കാദമിക വര്‍ഷത്തിലേക്ക് അഡ്മിഷന്‍ ലഭിച്ച 50 ഓളം വിദ്യാര്‍ഥികളില്‍ നാല്‍പ്പതില്‍ അധികം പേര്‍ മുസ്ലിംകള്‍ ആയതോടെയാണ് ഹിന്ദുത്വ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്.

മതം നോക്കിയല്ല, മറിച്ച് നീറ്റ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടന്നതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കുകയും മുഖ്യമന്ത്രിയായ ഉമര്‍ അബ്ദുല്ല അടക്കം കോളജ് അഡ്മിഷന്‍ സുതാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കോളജ് അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ച് സംഘപരിവാര്‍ മുന്നോട്ട് പോവുകയായിരുന്നു.

വൈഷ്‌ണോ ദേവിയുടെ ക്ഷേത്രത്തിലേക്കുവരുന്ന സംഭാവനകള്‍ ഉപയോഗിച്ചാണ് കോളജ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍തന്നെ, ആദ്യം പ്രസിദ്ധീകരിച്ച അഡ്മിഷന്‍ റദ്ദാക്കി ഹിന്ദു വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും സംഘപരിവാരുകാര്‍ ആവശ്യപ്പെട്ടു. പിന്നാലെ കോളജില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ല, ഡോക്ടര്‍മാര്‍ ഇല്ല എന്ന രീതിയില്‍ കോളജിനെകുറിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് സംഘപരിവാരുകാര്‍ കത്തയച്ചു. തുടര്‍ന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കോളജില്‍ ഒരു മിന്നല്‍ പരിശോധന നടത്തി.

പരിശോധനയില്‍, മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഉന്നയിച്ച് കോളേജിന്റെ അനുമതി റദ്ദാക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇത്തരത്തില്‍ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നത്, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും വിദ്യാര്‍ഥികളുടെ അക്കാദമികപരമായ താല്‍പ്പര്യങ്ങളെയും ബാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റു കോളേജുകളില്‍ പഠനം തുടരാനുള്ള വ്യവസ്ഥ ഉണ്ടാക്കാമെന്നും ഉത്തരവില്‍ പറയുന്നു.

Tags: